‘അമ്മയുടെ വിവാഹേതര ബന്ധം കുഞ്ഞിനെ വിട്ടുനല്‍കാതിരിക്കാനുള്ള കാരണമാകില്ല’; ദാമ്പത്യതര്‍ക്കക്കേസുകളില്‍ സുപ്രധാന വിധിയുമായി ദില്ലി ഹൈക്കോടതി

അമ്മയുടെ വിവാഹേതരബന്ധം കുട്ടിയെ സംരക്ഷിക്കുന്നതിനായി വിട്ടുനല്‍കാതിരിക്കാനുള്ള കാരണമായി പറയാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. വിവാഹേതര ബന്ധമുള്ള അമ്മയെ നല്ല അമ്മയല്ലെന്ന് വിധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ദാമ്പത്യതര്‍ക്കക്കേസുകളില്‍ ഇതൊന്നും വാദമായി ഉന്നയിക്കാനാകില്ലെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരന്തരം ആരോപണം ഉന്നയിക്കാന്‍ സാധാരണഗതിയില്‍ ആള്‍ക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാകും. എന്നാല്‍ ഈ ആരോപണങ്ങള്‍ മിക്കവയും അടിസ്ഥാനരഹിതമാകാറാണ് പതിവെന്നും കോടതി പറഞ്ഞു.

നാലര വയസ് പ്രായമുള്ള തന്റെ കുട്ടിയെ വിട്ടുകിട്ടാനായി പഞ്ചാബ് സ്വദേശിനിയായ സ്ത്രീ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ഭാര്യയ്ക്ക് തന്റെ ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് സ്ത്രീയുടെ ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കുട്ടിയെ വിട്ടുനല്‍കാതിരിക്കാന്‍ കാരണമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇപ്പോള്‍ ആസ്ട്രേലിയയില്‍ കഴിയുന്ന സ്ത്രീയ്ക്ക് കുട്ടിയെ വിട്ടുനല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ അവരെ ഒരു നല്ല അമ്മയായി കണക്കാക്കാതിരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

മാസം 70000 ആസ്ട്രേലിന്‍ ഡോളര്‍ വീതം സമ്പാദിക്കുന്ന ഈ സ്ത്രീയ്ക്ക് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക സ്ഥിതിയും മറ്റ് ചുറ്റുപാടുകളും ഉള്ളതായി കോടതി വിലയിരുത്തി. കുട്ടി ജനിച്ചതും ആദ്യ വര്‍ഷങ്ങളില്‍ വളര്‍ന്നതും ആസ്ട്രേലിയയില്‍ തന്നെയാണെന്നതും കോടതി പരിഗണിച്ചു. വിവാഹേതര ബന്ധമെന്ന ഒറ്റക്കാരണം കുട്ടിയെ വിട്ടുകിട്ടുന്നതിനെതരായി ഉയര്‍ത്തുന്നത് കോടതിക്ക് മുന്നില്‍ നിലനില്‍ക്കില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News