രാജഗിരിയില്‍ ഉരുള്‍പ്പൊട്ടല്‍: നിരവധി വീടുകളില്‍ വെള്ളം കയറി

പ്രതീകാത്മക ചിത്രം

ഇന്നലെ രാത്രി മുതൽ നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ രാജഗിരി മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍. നിരവധി വീടുകളിൽ വെള്ളം കയറി.ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായി.

ജാഫർ കോളനിയിൽ പത്ത് വീടുകളിൽ വെള്ളം കയറി. വാഴപ്പാറ, കുഴിക്കാട്ട് മേഖലയിൽ മാത്രം ഒന്പത് വീടുകളിൽ വെള്ളം കയറി. ഇടത്തറ, കട്ടച്ചികടവില്‍ നാലോളം വീടുകളിലും കല്ലുംകടവ് വാർഡിൽ നാലു വീടുകളിലും മാർക്കറ്റ് വാർഡിൽ നാല് വീടുകളിലും വെള്ളം കയറി.

ചില വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കലഞ്ഞൂർ പഞ്ചായത്തിലും നിരവധി വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. രാത്രി രണ്ട് മണിയോടെ തോടുകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയായിരുന്നു.

വെള്ളം കയറിയ വീട്ടുകാർ ഞെട്ടി ഉണർന്ന് സമീപ വീടുകളിൽ അഭയം തേടിയതിനാൽ വൻ ദുരന്തം ഒഴിവായി. രോഗശയ്യയിലുള്ള വൃദ്ധരെ ചുമന്നുകൊണ്ട് പോയാണ് രക്ഷപ്പെടുത്തിയത്. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായുള്ള ടി വി,മൊബെൽ ഫോൺ മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ മിക്ക വീടുകളിലും വെള്ളം കയറി നശിച്ചു.

വെള്ളം കയറിയ സ്ഥലങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു.വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർക്ക് സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനം ഒരുക്കുമെന്നും വീടിനും കൃഷിക്കും നാശം സംഭവിച്ചവർക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.ബി. ഗണേശ് കുമാർ എം .എൽ .എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസി എന്നിവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News