ട്രോളിങ് നിരോധനം: തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു

ഫയല്‍ ചിത്രം

തിരുവനന്തപുരം ജില്ലയിൽ ട്രോളിങ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണു ട്രോളിങ് നിരോധനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ട്രോളിങ് നിരോധനകാലത്ത് ഏർപ്പെടുത്തുന്ന എല്ലാ ക്രമീകരണങ്ങളിലും കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടു വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.

ഹാർബർ എൻജിനീയറിങ് വകുപ്പ്, തുറമുഖ വകുപ്പ്, കെ.എസ്.ഇ.ബി, കോർപ്പറേഷൻ തുടങ്ങിയവർ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അഞ്ചു ദിവസത്തിനള്ളിൽ പൂർത്തിയാക്കണമെന്നു കളക്ടർ നിർദേശിച്ചു.

നിരോധനം ബാധകമല്ലാത്ത വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു പൂർണ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കണം. ലൈഫ് ജാക്കറ്റുകൾ അടക്കമുള്ളവ നിർബന്ധമായും കരുതണം. എത്ര പേർ കടലിൽ പോകുന്നുണ്ടെന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അധികൃതർക്കു നൽകണം. ഏത് അടിയന്തര സാഹചര്യത്തിലും കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ അടിയന്തരകാര്യ നിർവഹണ കേന്ദ്രവുമായി ബന്ധപ്പെടണം. 1077 എന്ന നമ്പറിലാണു വിളിക്കേണ്ടതെന്നും കളക്ടർ പറഞ്ഞു.

മൺസൂൺകാല പട്രോളിങ്ങിനും രക്ഷാപ്രവർത്തനത്തിനുമായി കോസ്റ്റൽ, മറൈൻ പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേയും തീരസംരക്ഷണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആംബുലൻസ് സൗകര്യവുമുണ്ടാകും. തീരദേശ മേഖലയിലെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും.

വിഴിഞ്ഞം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, വിഴിഞ്ഞം പൊലീസ്, മറ്റു ബന്ധപ്പെട്ടവർ, എന്നിവരെ ഉൾക്കൊള്ളിച്ച് പ്രാദേശിക മോണിറ്ററിങ് കമ്മിറ്റി സംഘടിപ്പിക്കണം.

ഹാർബർ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഹാർബറിലും പ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായി തടയുന്നതിനുള്ള നടപടികൾ പൊലീസും എക്‌സൈസും ചേർന്നു നടപ്പാക്കണം. ഇതിനായി നൈറ്റ് പട്രോളിങ്ങും നടത്തണമെന്നും കളക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിഴിഞ്ഞം, കോട്ടപ്പുറം പള്ളി വികാരിമാർ, വിഴിഞ്ഞം വടക്കുംഭാഗം, സെൻട്രൽ, തെക്കുംഭാഗം ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News