വാക്സിൻ ഗവേഷണത്തിനും നിർമ്മാണത്തിനും ബജറ്റിൽ തുക അനുവദിക്കും; മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൂടുതൽ പ്രധാന്യം നൽകുന്ന മേഖലകളിലൊന്നാണ് ആരോഗ്യം. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അതിശക്തമായ സമ്മർദ്ദമാണ് നേരിട്ടത്. കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും, ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ കുറേക്കൂടി മികച്ച രീതിയിൽ നേരിടുന്നതിനു വേണ്ടിയും നമ്മുടെ ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് മുന്നിൽ അനിതരസാധാരണമായ വെല്ലുവിളിയാണുയർത്തിയത്. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അതിശക്തമായ സമ്മർദ്ദമാണ് നേരിട്ടത്. കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും, ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ കുറേക്കൂടി മികച്ച രീതിയിൽ നേരിടുന്നതിനു വേണ്ടിയും നമ്മുടെ ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തിനു പ്രത്യേക ഊന്നൽ നൽകുന്ന ബജറ്റാണ് ഇന്ന് സർക്കാർ അവതരിപ്പിച്ചത്.

അതോടൊപ്പം കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളേയും നമുക്ക് മറികടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സൗജന്യ വാക്സിൻ വാങ്ങുന്നതിനായി1000 കോടി രൂപയും. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും അനുവദിക്കും.

കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം 559 കോടി രൂപ ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിക്കും. എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡ്ഡുകൾ വീതമുളള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും.

എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി‌എസ്‌എസ്ഡിയാക്കി (CSSD) മാറ്റുന്നു- ഈ വർഷം 25 CSSD-കൾ നിർമിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനായി 50 കോടി രൂപയും, ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലു കളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കുന്നതിൻ്റെ പ്രാരംഭ ഘട്ടമായി 25 കോടി രൂപയും വകയിരുത്തി.

150 മെട്രിക് ടൺ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (LMO) പ്ലാൻ്റ് സ്ഥാപിക്കും. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കുമായി 25 ലക്ഷം രൂപ അനുവദിക്കും. അമേരിക്കയിലുള്ള Centre for Disease Control-ൻ്റെ മാതൃകയിലുള്ള സ്ഥാപനം കേരളത്തിൽ ആരംഭിക്കും. വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുവാൻ 50 ലക്ഷം രൂപ വകയിരുത്തി.
ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വ്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപയും വകയിരുത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (IAV) വാക്സിൻ ഗവേഷണത്തിനും വാക്സിൻ നിർമ്മാണത്തിനുമായി 10 കോടി രൂപയും അനുവദിക്കും.

ഇത്തരത്തിൽ, ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിലൂടെ കേരളത്തിൻ്റെ ആരോഗ്യരംഗം കൂടുതൽ ശക്തമാക്കാനും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതൽ മികവുറ്റ രീതിയിൽ പരിപാലിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ മികച്ച ആരോഗ്യസേവനങ്ങൾ ഒരുക്കുക എന്ന എൽഡിഎഫ് സർക്കാരിൻ്റെ നയത്തിന് ഈ ബജറ്റ് കൂടുതൽ കരുത്തു പകരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here