നമ്മുടെ അതിജീവനത്തിന്, വരും തലമുറയ്ക്ക്, ചേർത്ത് പിടിക്കാം നമ്മുടെ ഭൂമിയെ

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക പരിസ്ഥിതി ദിനം.പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.എല്ലാ വർഷവും ജൂൺ അഞ്ചിനാണ് ലോക പരസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യലുമാണ് ഇതിന്റെ ലക്ഷ്യം.1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്.

കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ കൂടിവരുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതിലൂടെ ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

‘പുന:സങ്കൽപ്പിക്കുക, പുന:നിർമ്മിക്കുക, പുന:സ്ഥാപിക്കുക’ എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.പരിസ്ഥിതി പുനസ്ഥാപനം’ എന്നും പറയാവുന്നതാണ് .ആവാസവ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. കൊവിഡ് എന്ന മഹാമാരി ലോകത്തെയാകെ ​ഗ്രസിയ്ക്കുമ്പോഴും നമ്മൾ എല്ലാവരും ഒരു പരിസ്ഥിതി ദിനത്തെ വരവേൽക്കുകയാണ്. മനുഷ്യരാശിയുടെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയ ഈ കാലത്ത് വൃക്ഷങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചും ഈ ദിനത്തെ ആഘോഷിക്കാം. ഒരു മരം നടുന്നത് കൊണ്ട് മാത്രം തീരുന്നതല്ല നമ്മുടെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം. ജൈവ വൈവിധ്യത്തെ ആഘോഷിച്ച് മുന്നോട്ടു പോകാൻ നമ്മളിൽ ഒരോ ജനതയ്ക്കും ശ്രമിക്കാം.

മനുഷ്യന്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വ്യക്തിക്കും ഈ ദിനത്തിലൂടെ മനസിലാകുമെന്ന് പ്രതീക്ഷിക്കാം. ഈ വർഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. നമുക്ക് ഇന്ന് ഭൂമിയിൽ ജീവിക്കുന്നതിന് ആവശ്യമായ വായു, ഭക്ഷണം, ജലം, ആവാസ വ്യവസ്ഥ എന്നിവയെല്ലാം അതി മനോഹരമായി ഈ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. എന്നാൽ ഈ ഒരു ദൗത്യത്തിൽ നിന്നും മനുഷ്യർ പലപ്പോഴും പിന്നോട്ട് പോകുന്നത് നമ്മൾ കാണാറുണ്ട്.

എല്ലാവരും ഇന്ന് ആഗോളവത്കരണത്തിന്റെ പിറകെയാണ്. വനനശീകരണം, ജീവജാലങ്ങൾക്ക് മേലുള്ള കടന്നുകയറ്റം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇതിൽ നിന്ന് പിന്തിരിയുന്ന ഒരു മനുഷ്യ സമൂഹത്തെ നമുക്ക് വരുംകാലങ്ങളിൽ പ്രതീക്ഷിക്കാം. നമ്മുടെ നാളേക്കും വരും തലമുറയുടെ നാളേക്കും ഒരു സുരക്ഷിത ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ കയ്യും മെയ്യും മറന്ന് ഈ പ്രകൃതിയെ സംരക്ഷിക്കാൻ ഇറങ്ങാം.

വികസനത്തിന്റെ പേരിലും മനുഷ്യർ അനിയന്ത്രിതമായി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ഫലമായി പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥ വ്യത്യാനങ്ങളുടെയും തിക്ത ഫലം ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രകൃതിയെയും മരങ്ങളെയും സംരക്ഷിക്കുന്നതിന്റെ ചെറിയ ഉദാഹരണങ്ങൾ പോലും ശ്രദ്ധിക്കപ്പെടും.

വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചു കളയുന്നതും റോഡരികിൽ നിന്ന് മുറിച്ചു മാറ്റുന്ന മരങ്ങളിലെ പക്ഷിക്കൂടുകളിൽ നിന്ന് പറക്കമുറ്റാത്ത പക്ഷികുഞ്ഞുങ്ങൾ റോഡിൽ വീണ് കിടക്കുന്നതുമെല്ലാം പതിവ് കാഴ്ചയായി മാറുന്നു. ഈ കാഴ്ചകൾ മായ്ക്കാൻ നമ്മളാൽ കഴിയുന്ന പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകാമെന്ന് നാമോരുത്തർക്കും ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News