കണ്ണൂര്‍ ലൈറ്റ് ആന്‍ഡ് ഷോ നടത്തിപ്പ്; അബ്ദുള്ളക്കുട്ടിയുടെ തുറന്ന് പറച്ചിലില്‍ പ്രതിക്കൂട്ടിലായി മുന്‍ മന്ത്രി എ പി അനില്‍കുമാര്‍

കണ്ണൂര്‍ ലൈറ്റ് ആന്‍ഡ് ഷോ അഴിമതി നടന്നു എന്ന അബ്ദുള്ളക്കുട്ടിയുടെ തുറന്ന് പറച്ചിലില്‍ പ്രതിക്കൂട്ടിലായി മുന്‍ മന്ത്രി എ പി അനില്‍കുമാര്‍. അഴിമതി നടന്നിട്ടുണ്ടെന്നും മുന്‍ മന്ത്രി എ പി അനില്‍കുമാറിന് പങ്കുണ്ടെന്നുമാണ് അബ്ദുള്ളക്കുട്ടി വിജിലന്‍സിന് നല്‍കിയ മൊഴി.ഇതിന്റെ അടിസ്ഥാനത്തില്‍ എ പി അനില്‍കുമാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും.

അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് അഴിമതി ആരോപണത്തില്‍ മുന്‍ എംഎല്‍എയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുള്ളക്കുട്ടിയില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു.

അബ്ദുള്ളക്കുട്ടി കണ്ണൂര്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് നാല് കോടി ചിലവില്‍ പദ്ധതി നടപ്പാക്കിയത്. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും മുന്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാറും യുഡിഎഫ് സര്‍ക്കാരുമാണ് അഴിമതി നടത്തിയതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ എത്തിയാണ് വിജിലന്‍സ് ഡി വൈ എസ് പി ബാബു പേരിങ്ങേത്തിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. 2011 -16 ല്‍ അബുള്ളക്കുട്ടി കണ്ണൂര്‍ എംഎല്‍എ ആയിരിക്കെ നടന്ന അഴിമതി ആരോപണത്തിലാണ് വിജിലന്‍സ് നടപടി ആരംഭിച്ചത്. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് ഷോ സംവിധാനം ഉദ്ഘാടനം ചെയ്തത്.

കോട്ടയുടെ ചരിത്രം ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതായിരുന്നു പദ്ധതി. പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ ഉദ്ഘാടനം നടത്തി കരാറുകാര്‍ക്ക് പണം കൈമാറിയത് ആ സമയത്ത് വിവാദമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം പദ്ധതി നിലയ്ക്കുകയും കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് എടുത്തത്.

അഴിമതി നടന്നിട്ടുണ്ടെന്നും എന്നാല്‍ എംഎല്‍എ ആയ തനിക്ക് പങ്കില്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിനും മുന്‍ ടൂറിസം മന്ത്രി എ പി അനില്‍ കുമാറിനുമാണ് അഴിമതിയില്‍ പങ്കെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേസില്‍ പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പേരിങ്ങേത്ത് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, കണ്ണൂര്‍ ഡിറ്റിപിസി മുന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നും വിജിലന്‍സ് മൊഴി എടുക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റൊരു വന്‍ അഴിമതിയാണ് ഇപ്പോള്‍ വീണ്ടും മറ നീക്കി പുറത്തു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News