കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആഹാരമെത്തിച്ച് നല്‍കി മാതൃകയായി കെഎസ്ഇബി ജീവനക്കാരി രഞ്ജു

കൊവിഡ് ദുരിത കാലത്തെ നന്മകളുടെ ഒരുപാട് കാഴ്ചകളില്‍ ഒന്നാണ് കോട്ടയം പള്ളത്ത് നിന്നുള്ളത്. സ്വന്തം വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം ഒരു കണ്ടെയ്‌മെന്റ് സോണ്‍ ആകെ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയാണ് കെഎസ്ഇബി ജീവനക്കാരിയായ ടി.എസ് രഞ്ജു. കഴിഞ്ഞ കൊവിഡ് സമയത്ത് ക്വാറന്റൈനില്‍ കഴിയവേ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ഈ പ്രവര്‍ത്തിക്കു പ്രേരണ.

വൃത്തിയുള്ള ചുറ്റുപാടില്‍ വീട്ടുമുറ്റത്ത് തന്നെ അടുപ്പ് ഒരുക്കിയാണ് അയല്‍പക്കങ്ങളിലേക്ക് ആഹാരം ഒരുക്കുന്നത്. ഉച്ചയൂണിന് ചോറിനൊപ്പം കപ്പ പുഴുങ്ങിയതും മറ്റു വിഭവങ്ങളും കൃത്യം ഒരു മണിക്ക് തന്നെ വീടുകളില്‍ എത്തിക്കും. കഴിഞ്ഞ മെയ് 12 മുതലാണ് സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ആഹാരം പാകം ചെയ്തു വീടുകളില്‍ എത്തിച്ചു തുടങ്ങിയത്.

ഊണ് ഒരുക്കാന്‍ രഞ്ജുവിനൊപ്പം ഭര്‍ത്താവ് ഉണ്ണിയും മക്കളായ കൃഷ്ണ ബാലയും സൂര്യ നാരായണനും അമ്മ രാധയും അയല്‍ക്കാരായ ചിലരും കൂടെ കൂടി. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുന്നത് വലിയ ആശ്വാസമാകും എന്നാണ് രഞ്ജു കരുതുന്നത്. മരുന്നിനൊപ്പം വൃത്തിയും ശുദ്ധവുമായ ആഹാരം പ്രധാനമാണെന്ന് രഞ്ജു പറയുന്നു

കഴിഞ്ഞ കൊവിഡ് കാലത്ത് ഒറ്റപ്പെടല്‍ അടക്കമുള്ള വലിയ ബുദ്ധിമുട്ടുകളാണ് രഞ്ജുവിനും കുടുംബവുത്തിനും അനുഭവിക്കേണ്ടിവന്നത്. ആ അനുഭവങ്ങള്‍ തന്നെയാണ് ഈ പ്രവര്‍ത്തിക്കു പ്രചോദനമെന്ന് അമ്മ രാധ പറഞ്ഞു. രഞ്ജുവിന്റെ മുറ്റത്തെ സാമൂഹ്യ അടുക്കളയെ പറ്റി കേട്ടറിഞ്ഞവര്‍ പലരും ഇപ്പോള്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്.

ഇത് കൂടുതല്‍ പേരിലേക്ക് ആഹാരം എത്തിച്ചുനല്‍കാന്‍ സഹായകമാകുമെന്ന് ഇവര്‍ പറയുന്നു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ് പള്ളം തകിടിയില്‍ ടി എസ് രഞ്ജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News