മുത്താണ് ക്രിസ്റ്റ്യൻ റൊമേറോ

ആടിയുലയുന്ന അർജൻറീന പ്രതിരോധത്തിലേക്ക് വളരെ വൈകിക്കിട്ടിയ മുത്താണ് ക്രിസ്റ്റ്യൻ റൊമേറോയെന്ന 23 കാരൻ. നാടെങ്ങുമുള്ള അർജൻറീനിയൻ ആരാധകർക്ക് റൊമേറോയുടെ കളിമികവ് ഏറെ ബോധിച്ചു കഴിഞ്ഞു.

ലയണൽ മെസി ഉൾപെട്ട അർജൻറീനിയൻ ടീമിന്റെ ഏറ്റവും വലിയ തലവേദന ആടിയുലയുന്ന പ്രതിരോധമായിരുന്നു. ലോകകപ്പിലും കോപ്പ അമേരിക്കയിലും താരതമ്യേന ശക്തി കുറഞ്ഞ എതിരാളികളോടുപോലും അർജൻറീന ടീം തോൽവി നേരിട്ടപ്പോൾ ആരാധകരെയും അത് ഏറെ ദു:ഖിപ്പിച്ചു. ആരാധകരുടെ പ്രാർത്ഥനകൾക്ക് ഫലമെന്നോണം ആടിയുലയുന്ന പ്രതിരോധത്തെ കോട്ട കെട്ടി സംരക്ഷിക്കാൻ ഇപ്പോൾ കപ്പിത്താൻ അവതരിച്ചിരിക്കുന്നു.

ക്രിസ്റ്റ്യൻ ഗബ്രിയേൽ റൊമേറോയെന്ന 23 കാരൻ അർജൻറീന ഡിഫൻസിലേക്ക് കിട്ടിയ ഒന്നൊന്നര മുതലാണ്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ചിലിക്കെതിരായ മത്സരത്തിൽ റൊമേറോ പുറത്തെടുത്തത് ആരാധകരുടെ മനം നിറച്ച പ്രകടനമാണ്. ഏരിയൽ ബോൾ കൈകാര്യം ചെയ്യുന്ന വിധവും ടാക്ലിംഗുമാണ് സെൻട്രൽ ഡിഫൻഡർ എന്ന നിലയിൽ റൊമേറോയെ മികവുള്ളതാക്കുന്നത്.ഹൈ ബോളുകൾ ആക്രമിച്ച് കളിക്കുന്നതിലും പ്രതിരോധിക്കുന്നതിലും പ്രത്യേക വിരുത് തന്നെയുണ്ട് ഈ കൊർഡോബക്കാരന്. ടീമിന് ഡെഡ്ബോളുകളിൽ ഫലവത്തായി ഉപയോഗിക്കാൻ പറ്റുന്ന താരം കൂടിയാണ് ക്രിസ്റ്റ്യൻ റൊമേറോ.

ചിലിക്കെതിരെ അർജന്റീന പ്രതിരോധം ഏറെക്കാലത്തിന് ശേഷം ലോകോത്തര നിലവാരത്തിലെത്തിയപ്പോൾ തല ഉയർത്തി നിന്നത് റൊമേറോയായിരുന്നു. മത്സരശേഷം പരിശീലകൻ ലയണൽ സ്കലോനിയും സൂപ്പർ താരം ലയണൽ മെസിയും പ്രത്യേകം പ്രശംസിച്ചതും ഈ 23 കാരനെ യായിരുന്നു. ഇറ്റാലിയൻ സെറി എയിൽ അറ്റ്ലാന്റയുടെ സൂപ്പർ ഡിഫൻഡറായ ഈ അർജൻറീനക്കാരനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ പിന്നാലെ ഉണ്ട്. അണ്ടർ-20, അണ്ടർ-23 വിഭാഗങ്ങളിൽ റൊമേറോ ദേശിയ ടീം ജഴ്സിയണിഞ്ഞു. ഭാവി അർജന്റീന ടീമിലെ പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകമായി ആരാധകർ കരുതുന്നതും ക്രിസ്റ്റ്യൻ റൊമേറോയെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here