ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി 8 നാൾ

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി 8 നാൾ. 47–ാമത് കോപ്പ അമേരിക്കയ്ക്ക് ഇക്കുറിയും ആതിഥേയത്വമരുളുന്നത് പുല്‍ത്തകിടിയിലെ രാജാക്കന്മാരായ ബ്രസീല്‍ തന്നെ ആണ്. കൊവിഡ് മഹാമാരിയെ തുടർന്ന് ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലായതോടെയാണ് ബ്രസീലിൽ നടത്താൻ കോൺമെബോൾ തീരുമാനിച്ചത്. 12 ടീമുകള്‍ മാറ്റുരച്ച 2019ലെ കോപ്പടൂര്‍ണ്ണമെന്റ് ബ്രസീലിലെ അഞ്ചുവേദികളിലായാണ് നടന്നത്.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആതിഥേയത്വമരുളിയ ടൂർണമെൻറിൽ ആതിഥേയർ തന്നെയായിരുന്നു ചാമ്പ്യന്മാർ. പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ചായിരുന്നു ഒരിടവേളക്ക് ശേഷമുള്ള സാംബതാളക്കാരുടെ കിരീട നേട്ടം. ഒൻപതാമത് കോപ്പ കിരീടം കൂടിയാണ് ആതിഥേയർ സ്വന്തമാക്കിയത്.

അർജന്റീനയിലും കൊളംബിയയിലുമായി നടത്താൻ തീരുമാനിച്ചിരുന്ന കോപ്പയുടെ ആതിഥേയത്വം അപ്രതീക്ഷിത സാഹചര്യത്തെ തുടർന്നാണ് വീണ്ടും ബ്രസീലിന് ലഭിച്ചത്. ഈ മാസം 14ന് പുലർച്ചെ 2:30 ന് ബ്രസീൽ – വെനസ്വേല മത്സരത്തോടെ ടൂർണമെൻറിന് പന്തുരുളും. 2 ഗ്രൂപ്പുകളിലായി ആകെ 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിൽ ബ്രസീൽ എ ഗ്രൂപ്പിലും അർജന്റീന ബി ഗ്രൂപ്പിലുമാണ്.

ലോകപ്രശസ്തമായ മാറക്കാന സ്റ്റേഡിയം, ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയം എന്നിവ ഉൾപ്പെടെ 4 വേദികളിലാണ് ടൂർണമെൻറ് നടക്കുക.ജൂൺ 19ന് പുലർച്ചെ 5.30നാണ് മെസിയും സുവാറസും നേർക്ക് നേർ വരുന്ന അർജൻറീന – ഉറുഗ്വായ് പോരാട്ടം. രണ്ട് ഗ്രൂപ്പുകളിൽ നിന്നുമായി നാല് വീതം ടീമുകൾ ക്വാർട്ടറിലെത്തും.

ജൂലൈ 3 നും നാലിനും ക്വാർട്ടർ ഫൈനലുകളും ആറിനും ഏഴിനും സെമി ഫൈനലുകളും നടക്കും. ജൂലൈ 11 ന് പുലർച്ചെ 5:30ന് മാറക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ.2015, 2016 ടൂർണമെൻറുകളിൽ ഫൈനൽ വരെയെത്തി പരാജയം രുചിച്ച ലയണൽ മെസിയുടെ അർജന്റീന കപ്പെടുക്കാൻ ഉറച്ചാണ് ഇക്കുറി ഒരുങ്ങുന്നത്.

2019 ൽ നടന്ന കോപ്പയിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ആൽബിസെലസ്റ്റകൾ. ആകെ 14 തവണയാണ് അർജൻറീന കിരീടം നേടിയത്.15 തവണ ജേതാക്കളായ ഉറുഗ്വെയാണ് കിരീട നേട്ടത്തില്‍ ഒന്നാമത്. ടിറ്റെ പരിശീലകനായ ബ്രസീൽ ടീമിൽ പ്രതിഭകളുടെ നിര തന്നെ ഉണ്ട്.

കിരീടം നിലനിർത്താൻ ഉറച്ചാണ് കനറികളുടെ പടയൊരുക്കം. ആതിഥേയർ തന്നെ കിരീട ജേതാക്കളാകുന്നതാണ് കോപ്പയുടെ ചരിത്രം.ഇത്തവണ അതിനു മാറ്റമുണ്ടാകുമോയെന്നറിയുന്നതിനായാണ് ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here