ദി ടു പോപ്സ് എന്ന വിഖ്യാതമായൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട് .ഡോക്യുഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമ. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും പഴയ മാർപാപ്പ ബെനഡിക്ട് പതിനാറാമനും തമ്മിലുള്ള ബന്ധത്തിലെ ഇഴകൾ ചേർത്തു കൊണ്ടുള്ള ഒരു സിനിമയാണിത്.മാർപാപ്പ ആകുന്നതിനു മുൻപ് ഫ്രാൻസിസ്, കർദിനാൾ ഹോസെ മരിയോ ബെർഗോളിയോ ആയിരുന്നു .തന്റെ കർദിനാൾ പദവിയിൽ നിന്നും രാജി വെക്കാനുള്ള ആഗ്രഹവുമായി വത്തിക്കാനിൽ ചെന്ന് അന്നത്തെ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്.കത്തോലിക്കാസഭയിൽ ദൈവത്തിന് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ബെർഗോളിയോ പറയുമ്പോൾ ബെനഡിക്റ്റ് പതിനാറാമൻ ഒഴിവുകഴിവ് പറയുന്നു-ഇതിന് പ്രത്യേകിച്ച് ഒരാളെയും കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ?എന്നാൽ ബെർഗോളിയുടെ പ്രതികരണം ആണ് ഏറെ ശ്രദ്ധേയമായത്; “പ്രത്യേകിച്ച് ഒരാളും കുറ്റക്കാരൻ അല്ലെങ്കിൽ നമ്മൾ എല്ലാവരും കുറ്റക്കാരാണ്”!
പ്രകൃതി നാശത്തിന് നമ്മളെല്ലാവരും കുറ്റക്കാർ ആണ്. ആരെയെങ്കിലും പ്രത്യേകിച്ച് പഴി പറയുന്നതിൽ അർത്ഥമില്ല.
നമ്മൾ എസി ഓൺ ചെയ്യുമ്പോഴും വണ്ടി സ്റ്റാർട്ട് ആക്കുമ്പോഴും പ്രകൃതിക്ക് ഹാനികരമാണ്.എന്നാൽ ആധുനികലോകത്ത് ഒഴിവാക്കാൻ കഴിയാത്തതാണ് ഇതെല്ലാം.ഈ പാപകൃത്യങ്ങൾക്ക് എങ്ങനെ നമ്മൾ പ്രായശ്ചിത്തം ചെയ്യുന്നു എന്നുള്ളതാണ് പ്രസക്തമായ കാര്യം.എന്താണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഞാൻ കണ്ണുംപൂട്ടി പറയുന്ന കാര്യം,ഭാവിയിൽ എങ്കിലും നള്ളൊരു കൃഷിക്കാരൻ ആകണം.കൃഷിക്കാരന്റെ മകനായിട്ടാണ് ഞാൻ ജനിച്ചത്. എനിക്ക് ഏറ്റവും സന്തോഷം പകരുന്നത് പച്ച മണ്ണിൽ ചവിട്ടി നിൽക്കുമ്പോഴാണ്.നാട്ടിൽ പോയാൽ പറമ്പിലൂടെ നടക്കും.വാഴത്തോട്ടത്തിലെ പച്ചപ്പുല്ല് നൽകുന്ന സുഖം ഒരു പഞ്ചനക്ഷത്രലോബിയും നൽകിയിട്ടില്ല.
തോട്ടിലൊക്കെ നീന്തിത്തുടിച്ചിരുന്ന കാലം ഇപ്പോഴും അയവിറക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.പച്ചപ്പ് കാണുമ്പോൾ ശരാശരി മലയാളിക്ക് ഉണ്ടാകുന്ന വികാരം .നാട് ‘നന്നായപ്പോൾ’ നമ്മുടെ കൊച്ച് വെള്ളച്ചാട്ടങ്ങളും അരുവിയും തോടുകളുമൊക്കെ ഓർമ്മകളായി. കുട്ടികളായിരുന്നപ്പോൾ വാഴത്തട കെട്ടി ഉണ്ടാക്കിയ ചങ്ങാടത്തിൽ നല്ല ഒഴുക്കുള്ള തോട്ടിലൂടെ തെന്നി നീങ്ങിയ കാലമൊന്നും ഇനി തിരിച്ചുവരില്ല.
ചിലത് തിരഞ്ഞപ്പോൾ വീടിനു തൊട്ടടുത്തുള്ള ചെറിയ വെള്ളച്ചാട്ടത്തിനു മുൻപിൽ നിന്നെടുത്ത വളരെ പഴയ ചിത്രം കണ്ണിൽപ്പെട്ടു.ഇന്നാ വെള്ളച്ചാട്ടം മഴക്കാലത്ത് മാത്രമുള്ള പ്രതിഭാസമായി ചുരുങ്ങി .
Get real time update about this post categories directly on your device, subscribe now.