ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം; ഐ ടി നിയമം അനുസരിച്ചില്ലെങ്കില്‍ നിയമനടപടി

പുതുക്കിയ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അന്തിമ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ ഐ ടി നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്റര്‍ നിയമനടപടികള്‍ നേരിടുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത് വിവാദമായി.

സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം-നയം എന്നിവ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നായിരുന്നു പുതുക്കിയ ഐ ടി നിയമത്തിലെ പ്രധാന നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ ഒരു നിയമനം ട്വിറ്റര്‍ ഇത് വരെ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന് കേന്ദ്രം അന്തിമ നോട്ടീസ് നല്‍കി രംഗത്തെത്തിയത്. മറ്റ് സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരുന്നു. പുതുക്കിയ നിയമങ്ങളിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ട്വിറ്റര്‍ നിയമ നടപടികള്‍ നേരിടുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ചട്ടങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പാണ് കേന്ദ്രം ട്വിറ്ററിന് നല്‍കിയതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ ഐ ടി ആക്റ്റ് ആനുകൂല്യങ്ങള്‍ ട്വിറ്ററിന് നഷ്ടപ്പെടുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ നിയമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും കേന്ദ്രത്തിന്റെ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ നഷ്ടപ്പെടുമെന്ന് ട്വിറ്റര്‍ പറഞ്ഞിരുന്നു.

അതേ സമയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍നിന്ന് ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത് വിവാദമായതിനു പിന്നാലെയാണ് ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തിയത്. വെങ്കയ്യ നായിഡുവിന് പുറമെ ആര്‍ എസ് എസ് നേതാക്കളായ മോഹന്‍ ഭഗവത്, സുരേഷ് ജോഷി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളുടേയും ബ്ലൂ ടിക്ക് ട്വിറ്റര്‍ പിന്‍വലിച്ചിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ വെങ്കയ്യാ നായിഡുവിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ വീണ്ടും സ്ഥിരീകരണ മുദ്ര നല്‍കി.

ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകളുടെ സ്ഥിരീകരണ മുദ്രകള്‍ നീക്കാറുണ്ടെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. 2 വര്‍ഷത്തിനിടെ ആകെ 5 ട്വീറ്റുകള്‍ മാത്രമാണ് വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here