പണം കായ്ക്കുന്ന മരം, ശരിക്കും അങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ ഉള്ളതായി അറിയാമോ?

വെറും ആയിരം പേര്‍ മാത്രം കഷ്ടിച്ച് വസിക്കുന്ന പ്രദേശമാണിത്. സ്കാഗ്വേയിലുള്ളവര്‍ കറന്‍സിയായി പൈന്‍ വിഭാഗത്തില്‍പ്പെട്ട സ്പ്രൂസ് മരത്തിന്‍റെ കോണുകള്‍ ഉപയോഗിക്കുന്നു. ഇവിടെയുള്ള സ്കാഗ്വേ ബ്രൂവിംഗ് കോ എന്ന് പേരായ ഭക്ഷണശാലയിലാണ് മൂപ്പെത്താത്ത പൈന്‍ കോണുകള്‍ പണത്തിനു പകരം സ്വീകരിക്കുന്നത്. ബിയര്‍, ഭക്ഷണം, കോഫി, തീ കായാനുള്ള വിറക് എന്നിവക്ക് പകരം ഇവര്‍ പൈന്‍ കോണുകള്‍ വാങ്ങുന്നു.

2016 വരെ ഒരു പൗണ്ടിന് നാല് ഡോളര്‍ എന്ന നിരക്കിലായിരുന്നു ഇവിടെ കോണ്‍ സ്വീകരിച്ചിരുന്നത്. സന്ദര്‍ശകര്‍ക്ക് ഇത് പണമായോ ഒരു ബിയര്‍ ആയോ സ്വീകരിക്കാം. 2017- ല്‍ പൈന്‍ കോണിന് പകരം ബിയര്‍ നല്‍കുന്നത് നിയമവിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞതോടെ അത് നിര്‍ത്തി, പകരം ഒരു പൗണ്ടിന് അഞ്ചു ഡോളര്‍ നിരക്കില്‍ കോണ്‍ സ്വീകരിക്കാന്‍ തുടങ്ങി. പണം കയ്യില്‍ കിട്ടുമെങ്കിലും ഇവിടെയെത്തുന്ന മിക്ക ആളുകളും അത് നേരിട്ട് ബിയറിനു വേണ്ടി തന്നെയാണ് ചിലവഴിക്കുന്നത്. വര്‍ഷംതോറും ബ്രൂവറിയില്‍ ഇരുനൂറു പൗണ്ടോളം പൈന്‍ കോണുകള്‍ ആണ് ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നത്.

എല്ലാ വര്‍ഷവും വേനൽക്കാലത്ത് സ്കാഗ്വേയില്‍ പ്രതിദിനം പതിനായിരത്തോളം ക്രൂയിസ് സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഈ സമയത്ത് ഇവിടെ ഉത്സവകാലമാണ്. സഞ്ചാരികള്‍ക്കാവട്ടെ, ഈ പൈന്‍ കോണുകള്‍ ചേര്‍ത്ത ഐസ്ക്രീം പോലെയുള്ള വിശിഷ്ട വിഭവങ്ങളും ഈ സമയത്ത് ആസ്വദിക്കാം.

വിറ്റാമിന്‍ സി സമ്പന്നമാണ് ഈ പൈന്‍ കോണുകള്‍. ഇവയുടെ മൂല്യം ആദ്യമായി മനസിലാക്കിയത് ഇവിടെ വടക്കേ അമേരിക്കന്‍ വംശജരായ ക്ലിങ്കറ്റ് ഗോത്രക്കാരായിരുന്നു. 1770 കളുടെ അവസാനത്തിൽ അലാസ്ക സന്ദർശിച്ച ക്യാപ്റ്റൻ ജെയിംസ് കുക്ക്,  നാവികർക്കിടയിലെ സ്കര്‍വി തടയാനായി ഇവ ഉപയോഗിച്ച് ഒരു ബിയർ തയാറാക്കി. വിറ്റാമിന്‍ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് സ്കര്‍വി.

സാധാരണയായി വസന്തകാലത്താണ് ഇവ വിളവെടുക്കാന്‍ പാകമാകുന്നത്. പാനീയങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങൾ, സോസുകൾ എന്നിവയില്‍ ഇത് ചേരുവയായി ഉപയോഗിക്കുന്നു. മാത്രമല്ല, ആന്റിമൈക്രോബയൽ ഗുണം കൂടിയുള്ളതിനാല്‍ ഹാൻഡ് ക്രീമുകൾ, ഓയിന്‍മെന്റുകള്‍ എന്നിവ നിര്‍മിക്കുന്നതിനായും ഇത് ഉപയോഗിക്കുന്നു.

അലാസ്കയിലെ ക്ലോണ്ടൈക്ക് ഗോൾഡ് റഷ് ദേശീയ ചരിത്ര പാർക്ക് പ്രദേശത്ത് നിന്നുമാണ് ഈ പൈന്‍ കോണുകള്‍ ശേഖരിക്കുന്നത്. അലാസ്ക പെർമനന്‍റ് ഫണ്ടിന്‍റെ കരുതൽ ധനശേഖരമായ 65 ബില്ല്യന്‍ ഡോളര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് പൈന്‍ മരങ്ങള്‍ നിറഞ്ഞ റിസര്‍വ്. വര്‍ഷംതോറും നടക്കുന്ന വിളവെടുപ്പില്‍ പ്രദേശവാസികള്‍ക്ക് പങ്കെടുക്കാം. ഇഷ്ടം പോലെ പൈന്‍ കോണുകള്‍ ശേഖരിക്കാം. വാണിജ്യ ആവശ്യങ്ങള്‍ക്കായി മാത്രം വിളവെടുപ്പ് നടത്തുന്ന മറ്റൊരു പ്രദേശവും ഇതിനടുത്തുണ്ട്. ഇവിടെ നിന്നാണ് ബ്രൂവറി പോലെയുള്ള സ്ഥാപനങ്ങള്‍ പൈന്‍ കോണുകള്‍ ശേഖരിക്കുന്നത്.

അലാസ്കയിൽ വാണിജ്യ കാർഷിക സമ്പദ്‌വ്യവസ്ഥ ഇല്ലാത്തതിനാൽ ഈ പൈന്‍ കോണുകള്‍ ഇവിടത്തുകാരുടെ ഒരു പ്രധാന വരുമാന മാര്‍ഗമാണ്. ഒരു പ്രദേശവാസിക്കും പ്രതിവര്‍ഷം ശരാശരി രണ്ടായിരം ഡോളര്‍ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് കണക്കാക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News