ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: നടി ലീനാ മരിയാ പോളിന് നോട്ടീസ്

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പരാതിക്കാരി ലീനാ മരിയാ പോളിന് അന്വേഷണ സംഘം നോട്ടീസയച്ചു. പൊലീസ് ശേഖരിച്ച രവി പൂജാരിയുടെ ശബ്ദസാമ്പിള്‍ ലീനാ മരിയാ പോള്‍ തിരിച്ചറിയുന്നുണ്ടോ എന്ന് പരിശോധിക്കും. അതേ സമയം ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് ആസൂത്രണം ചെയ്തത് കാസര്‍കോഡ് സ്വദേശിയും ഗുണ്ടാ നേതാവുമായ ജിയയാണെന്ന് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. രവി പൂജാരിയുടെ ഫോണ്‍ കോള്‍ റെക്കോഡുകളും നേരിട്ട് റെക്കോഡ് ചെയ്ത ശബ്ദ സാമ്പിളും താരതമ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ശബ്ദ സാമ്പിള്‍ ശേഖരിച്ചത്. ഇതോടൊപ്പം ഈ ശബ്ദ സാമ്പിള്‍ പരാതിക്കാരിയായ ലീനാ മരിയാ പോള്‍ തിരിച്ചറിയുന്നുണ്ടോ എന്ന് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലീന മരിയയോട് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് അയച്ചു. കൂടാതെ ലീനാ മരിയയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് രവി പൂജാരിക്ക് എങ്ങനെ വിവരം ലഭിച്ചു എന്നതിലും അന്വേഷണ സംഘം വ്യക്തത വരുത്തും.

എന്നാല്‍ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് ആസൂത്രണം ചെയ്തത് കാസര്‍ഗോഡ് സ്വദേശിയും ഗുണ്ടാ നേതാവുമായ ജിയയാണെന്നാണ് രവി പൂജാരിയുടെ മൊഴി. ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആവശ്യപ്പെട്ടതും ജിയ തന്നെയെന്നും പൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു. രമേശ് ചെന്നിത്തല, പി സി ജോര്‍ജ് എന്നിവരെ ഫോണില്‍ ഭീഷണിപ്പെടുത്തിയതും ജിയയുടെ നിര്‍ദേശപ്രകാരമെന്നും രവി പൂജാരി മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒളിവില്‍ കഴിയുന്ന ജിയയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.

അതേ സമയം രവി പൂജാരിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുമ്പ് കേരളത്തില്‍ ഇയാള്‍ക്കു പങ്കുള്ള സംഭവങ്ങളെക്കുറിച്ചെല്ലാം വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഈ മാസം 8ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ രവി പൂജാരിയുടെ കസ്റ്റഡി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം കോടതിയെ സമീപിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News