സമ്പൂര്‍ണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷകര്‍; നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമ്പൂര്‍ണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷകര്‍. സമരഭൂമികളിലും ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് നടപടിയുണ്ടായി. തുടര്‍സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച വെള്ളിയാഴ്ച്ച യോഗം ചേരും.

കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം. യു പി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നു. ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. കര്‍ണാലില്‍ മുഖ്യമന്ത്രിയെ തടയാന്‍ എത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞു. പഞ്ച്കുലയില്‍ ബി ജെ പി നേതാക്കളുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. അംബാലയില്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന്റെ വീടിനു മുന്നിലും സംഘര്‍ഷമുണ്ടായി.

ഹരിയാനയിലെ തോഹാനയില്‍ ജെ ജെ പി എം എല്‍ എ യ്ക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ കര്‍ഷകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. രാകേഷ് ടിക്കായ്ത്ത്, യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ ഇവിടെ എത്തി. തുടര്‍സമരങ്ങളുമായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News