‘ഒന്നാമത് ആരോഗ്യം’ എന്നതാണ് കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യം, അസാധാരണമായ ഈ കാലത്തെ നമുക്കൊരുമിച്ച് മറികടക്കാം ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2021 ജനുവരിയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി സംജാതമായ പുതിയ അവസ്ഥയെ അഭിസംബോധന ചെയ്യുക എന്നതായിരുന്നു പുതുക്കിയ ബജറ്റ് ലക്ഷ്യമിട്ടതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ ഉത്പാദന -വ്യവസായ-വാണിജ്യ മേഖലകളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് അടിയന്തര കര്‍ത്തവ്യവും. 20,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് നമ്മുടെ വിപണിയെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനൊപ്പം തീരദേശ മേഖലയിലും തോട്ടം മേഖലയിലും വിജ്ഞാന സമ്പദ്വ്യവസ്ഥയിലും കേരളം വരുത്തേണ്ടുന്ന മാറ്റങ്ങളുടെ തുടക്കവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ബജറ്റ് സാക്ഷാത്കരിക്കുന്നതിന് വിശ്രമരഹിതമായി അധ്വാനം ചെയ്ത ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ബജറ്റ് തയ്യാറാക്കുന്നതിന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും മറ്റു സഖാക്കളോടുമുള്ള നന്ദി അറിയിക്കുന്നു. ബജറ്റിനോട് ഏറ്റവും ക്രീയാത്മകമായി പ്രതികരിച്ച മാധ്യമങ്ങളോടും നന്ദി രേഖപ്പെടുത്തുന്നു. നമുക്കൊരുമിച്ച് അസാധാരണമായ ഈ കാലത്തെ കൈകള്‍ കോര്‍ത്തു പിടിച്ചു മറികടക്കാം. നാം അതിജീവിക്കുക തന്നെ ചെയ്യും. മന്ത്രി കുറിച്ചു.

ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സംസ്ഥാന ബജറ്റ്.
കഷ്ടിച്ചു 12 ദിവസം മാത്രമാണ് ബജറ്റ് രൂപീകരണത്തിനായി ആകെ കിട്ടിയത്.
2021 ജനുവരിയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി സംജാതമായ പുതിയ അവസ്ഥയെ അഭിസംബോധന ചെയ്യുക എന്നതായിരുന്നു പുതുക്കിയ ബജറ്റ് ലക്ഷ്യമിട്ടത്. ഇന്നലെയും ഇന്നുമായി കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ വിലയിരുത്തിയതു പോലെ കോവിഡിനെ തുരത്താനും, കോവിഡ് തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ബജറ്റില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചത് .
‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കോവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യം. സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ ഉത്പാദന -വ്യവസായ-വാണിജ്യ മേഖലകളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് അടിയന്തര കര്‍ത്തവ്യവും. 20,000 കോടി രൂപയുടെ കോവിഡ് പാക്കേജ് നമ്മുടെ വിപണിയെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഇതിനൊപ്പം തീരദേശ മേഖലയിലും തോട്ടം മേഖലയിലും വിജ്ഞാന സമ്പദ്വ്യവസ്ഥയിലും കേരളം വരുത്തേണ്ടുന്ന മാറ്റങ്ങളുടെ തുടക്കവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുക, കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന വിനോദസഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരിക, പുതിയ ഉല്‍പാദന വിപണന സമ്പ്രദായങ്ങളിലൂടെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടി പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം സൃഷ്ടിക്കുക എന്നിവയെല്ലാം ബഡ്ജറ്റിന്റെ ലക്ഷ്യങ്ങളാണ്.
സമയപരിമിതിക്കുള്ളില്‍ തയ്യാറാക്കപ്പെട്ട ബജറ്റിന് ലഭിച്ച മികച്ച പിന്തുണയും വിമര്‍ശനങ്ങളും ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. കാമ്പുള്ള എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളും. അതുകൂടി ഉള്‍ക്കൊണ്ടായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. വികസന വിഷയങ്ങളില്‍ നമുക്ക് സംവാദത്തിന്റെ ഭാഷ വികസിപ്പിക്കാം. ബജറ്റ് സാക്ഷാത്കരിക്കുന്നതിന് വിശ്രമരഹിതമായി അധ്വാനം ചെയ്ത ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ബജറ്റ് തയ്യാറാക്കുന്നതിന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും മറ്റു സഖാക്കളോടുമുള്ള നന്ദി അറിയിക്കുന്നു. ബജറ്റിനോട് ഏറ്റവും ക്രീയാത്മകമായി പ്രതികരിച്ച മാധ്യമങ്ങളോടും നന്ദി രേഖപ്പെടുത്തുന്നു.
നമുക്കൊരുമിച്ച് അസാധാരണമായ ഈ കാലത്തെ കൈകള്‍ കോര്‍ത്തു പിടിച്ചു മറികടക്കാം. നാം അതിജീവിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News