കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്; ധർമ്മരാജൻ കൊണ്ടു വന്നത് പത്തു കോടിയോളം രൂപ

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.ധർമ്മരാജൻ കൊണ്ടു വന്നത് പത്തു കോടിയോളം രൂപയാണെന്ന് റിപ്പോർട്ട്. അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

ധർമ്മരാജൻ തൃശൂരിൽ കൊണ്ടുവന്നത് 9.80കോടി രൂപയാണെന്നും ഇതിൽ 6.30 കോടി രൂപ തൃശൂർ ജില്ലയിൽ നൽകി. ബാക്കി മൂന്നര കോടി രൂപയുമായി പോകുമ്പോഴാണ് കവർച്ച നടന്നത്.2 കോടി രൂപ തൃശൂർ മണ്ഡലത്തിന് വേണ്ടി നൽകിയതായും വിവരം.കവർച്ചചെയ്യപ്പെട്ട പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ധർമ്മരാജൻ നേരത്തെ മൊഴി നൽകിയിരുന്നു.

കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും.പ്രതിയായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണൻ ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തി.ഇതോടെ സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണ്. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും ധർമരാജനെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.

അതേസമയം, കുഴൽപ്പണക്കേസ് ദേശിയ തലത്തിൽ തന്നെ ചർച്ചയാകുന്നതിനിടയിലാണ് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ സുരേന്ദ്രനെതിരെയുള്ള രൂക്ഷമായ പ്രതികരണം കൂടിയാണിത് . സാധാരണ ബിജെപി നേതാക്കൾ പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിക്കുകയാണ് പതിവ്.സി കെ പത്മനാഭന്റെ പ്രതികരണത്തോടെ കെ സുരേന്ദ്രൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം വെട്ടിലാവുകയാണ്.

ബി ജെ പി മുൻ സംസ്ഥാന സെക്രട്ടറിയായ പി പി മുകുന്ദന്റെ പ്രതികരണവും നിർണ്ണായകമാണ്. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്‌ അന്തിമമായി ഉത്തരം പറയേണ്ടത് സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനാണെന്ന്‌ അദ്ദേഹം പറഞ്ഞു .ബിജെപി കോർ ഗ്രൂപ്പ്‌ ചേർന്ന് വ്യക്തമായ നിലപാട്‌ എടുക്കണം. അല്ലെങ്കിൽ എല്ലാവരെയും സംശയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്ന ഭിന്നാഭിപ്രായം വരും ദിവസങ്ങളിൽ ബി ജെ പിയിക്കുള്ളിൽ വലിയ രീതിയിൽ ഭിന്നത ഉണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here