മാനുഷിക പരിഗണനയില്ലാത്ത നിലപാട് പിൻവലിക്കണം എന്ന് അഭ്യർത്ഥിച്ച് ഡൽഹി ഗവൺമെന്റിന് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

മാലാഖയെന്ന വിളിപ്പേരിനപ്പുറം മാനുഷികപരിഗണനകൾ കൂടി നഴ്‌സുമാർക്ക് നൽകേണ്ടതുണ്ട് എന്ന് ജോൺ ബ്രിട്ടാസ് എം പി .മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന ഭരണരീതി ഇന്ത്യയുടേതല്ല.ഹിന്ദി മാത്രമേ പാടുള്ളൂ എന്ന നിലപാടൊന്നും അംഗീകരിക്കാനാവില്ല. മാനുഷിക പരിഗണനയില്ലാത്ത ഈ നിലപാട് പിൻവലിക്കണം എന്ന് അഭ്യർത്ഥിച്ച് രാജ്യസഭാ എം പി എന്ന നിലയിൽ ഡൽഹി സർക്കാരിന് കത്തയച്ചിട്ടുണ്ട് എന്നും ജോൺ ബ്രിട്ടാസ് എം പി.സാമൂഹിക മാധ്യമത്തിൽ അദ്ദേഹം പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഇരുപത്തിമൂന്ന് ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉള്ളതാണ് മലയാളം.മലയാളം മനസിലാക്കാത്തവരോട് അത് പറയണമെന്ന് ആരും നിർദേശിക്കില്ല.എന്നാൽ മലയാളികൾക്കിടയിൽ മലയാളം നിഷിദ്ധമെന്ന് നമ്മുടെ രാജ്യത്ത് തന്നെ ചിലർ പറഞ്ഞാൽ അത് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ വിചിത്രമായ ഉത്തരവ് ഇന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുകയാണ്.ബഹുമുഖ സംസ്കാരത്തിൽ എല്ലാ ഭാഷകളും അംഗീകരിക്കപ്പെടേണ്ടതാണ്. ഭാഷ ഏതാണെന്നുള്ളതല്ല പ്രധാനം. എല്ലാ ഭാഷകളും അത് സംസാരിക്കുന്ന ജനതയ്ക്ക് പ്രധാനമാണ്. പക്ഷെ എത്ര വിചിത്രമായ കാര്യങ്ങളാണ് നമ്മുടെരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ?അതും നാനാത്വത്തിൽ ഏകത്വം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയിൽ.

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി.സർക്കാർ ആശുപത്രിയാണ് എന്ന് കൂടി ഓർക്കണം.ജോലിസമയത്ത് ജീവനക്കാര്‍ മലയാളം സംസാരിക്കരുത് ,ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ മാത്രമേ ഉപയോഗിക്കാവൂ .മറിച്ചായാല്‍ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.പ്രാദേശികഭാഷ വിലക്കി സർക്കുലർ ഇറക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നത് അത്ര നല്ല സൂചനയല്ല.മാനുഷികമായ അവകാശങ്ങളെയാണ് ചോദ്യം ചെയ്യുന്നത്.ഈ വലിയ ആപത്‌ഘട്ടത്തിലെ മുന്നണിപോരാളികളോട് മാനുഷിക പരിഗണന ഇല്ലാതെ പെരുമാറാൻ എങ്ങനെയാണ് ഒരു ഭരണകൂടത്തിന് കഴിയുക? ആശുപത്രിയില്‍ രാജസ്ഥാന്‍, മിസോറം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്കൊന്നുമില്ലാത്ത തടസം കേരളത്തിൽ നിന്നുള്ളവരോട് എന്താണ് എന്ന് നേഴ്‌സുമാർ തന്നെ ചോദിക്കുന്നുണ്ട് .സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമാണ്.ഒന്നാലോചിച്ചു നോക്കൂ,കേരളത്തിൽ എത്രയോ അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നു.അവരോടെല്ലാം നാളെമുതൽ നിങ്ങൾ മലയാളം സംസാരിക്കണം എന്ന് പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി?

ജി ബി പന്ത് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ തൊഴിലിടങ്ങളിൽ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മലയാളി നേഴ്‌സ് ആയ ജീന മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ .“500 നടുത്ത് മലയാളി നഴ്സിംഗ് സ്റ്റാഫുകളുണ്ട്, ഞങ്ങൾ എല്ലായ്പ്പോഴും രോഗികളുമായി ഹിന്ദിയിൽ സംസാരിക്കാറുണ്ട്. മലയാളത്തിൽ അവരോട് സംസാരിച്ചാൽ അവർക്ക് എന്തെങ്കിലും മനസ്സിലാകുമോ?എന്നാൽ ഞങ്ങൾ തമ്മിൽ മലയാളത്തിൽ പോലും സംസാരിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്.മലയാളം നമ്മുടെ മാതൃഭാഷയാണ്. മലയാളത്തിൽ ഉദ്യോഗസ്ഥർക്ക് തമ്മിൽ സംസാരിക്കാൻ കഴിയില്ലെന്ന് എങ്ങനെ പറയാൻ കഴിയും?പരസ്പരം പഞ്ചാബിൽ സംസാരിക്കരുതെന്ന് അവർ പഞ്ചാബികളോട് പറയുമോ? ” കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് ഡ്യൂട്ടിക്കായി മലയാളി നേഴ്‌സുമാരെ മാത്രം തെരഞ്ഞു പിടിക്കുന്നു എന്ന തരത്തിലുള്ള പരാതികൾ വേറെ .

മാലാഖയെന്ന വിളിപ്പേരിനപ്പുറം മാനുഷികപരിഗണനകൾ കൂടി അവർക്കു നൽകേണ്ടതുണ്ട്.മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന ഭരണരീതി ഇന്ത്യയുടേതല്ല.ഹിന്ദി മാത്രമേ പാടുള്ളൂ എന്ന നിലപാടൊന്നും അംഗീകരിക്കാനാവില്ല.മാനുഷിക പരിഗണനയില്ലാത്ത ഈ നിലപാട് പിൻവലിക്കണം എന്ന് അഭ്യർത്ഥിച്ച് രാജ്യസഭാ എം പി എന്ന നിലയിൽ ഡൽഹി സർക്കാരിന് കത്തയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News