കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് തോൽവിയും; സംസ്ഥാന നേതൃത്വം വെട്ടിലാകുമോ? ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

കൊടകര കുഴൽപ്പണകേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേരുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് കോ‍ർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻനിര നേതാക്കളുടെ അതൃപ്തി, സി.കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങൾ,, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തൽ എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായേക്കും.

കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണൻ പങ്കെടുക്കും. വിവാദ വിഷയങ്ങളിൽ പാർട്ടിയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ . കുഴൽപ്പണകേസും തെരഞ്ഞെടുപ്പിൽ ഫണ്ട് കൈകാര്യം ചെയ്ത രീതിയും സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഔദ്യോഗിക വിഭാഗത്തിനെതിരെ ഇടപെടൽ ഉറപ്പിക്കാൻ മറുവിഭാഗവും തയാറെടുത്തിട്ടുണ്ട്.

ബി ജെ പി നേതാക്കന്മാരായ പി പി മുകുന്ദന്റെയും സി കെ പത്മനാഭന്റെയും കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണവും ചർച്ചയായേക്കും. കുഴൽപ്പണക്കേസ് ദേശിയ തലത്തിൽ തന്നെ ചർച്ചയാകുന്നതിനിടയിലാണ് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ സുരേന്ദ്രനെതിരെയുള്ള രൂക്ഷമായ പ്രതികരണം കൂടിയാണിത് . സാധാരണ ബിജെപി നേതാക്കൾ പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിക്കുകയാണ് പതിവ്.സി കെ പത്മനാഭന്റെ പ്രതികരണത്തോടെ കെ സുരേന്ദ്രൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം വെട്ടിലാവുകയാണ്.

ബി ജെ പി മുൻ സംസ്ഥാന സെക്രട്ടറിയായ പി പി മുകുന്ദന്റെ പ്രതികരണവും നിർണ്ണായകമാണ്. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്‌ അന്തിമമായി ഉത്തരം പറയേണ്ടത് സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനാണെന്ന്‌ അദ്ദേഹം പറഞ്ഞു .ബിജെപി കോർ ഗ്രൂപ്പ്‌ ചേർന്ന് വ്യക്തമായ നിലപാട്‌ എടുക്കണം. അല്ലെങ്കിൽ എല്ലാവരെയും സംശയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്ന ഭിന്നാഭിപ്രായം വരും ദിവസങ്ങളിൽ ബി ജെ പിയിക്കുള്ളിൽ വലിയ രീതിയിൽ ഭിന്നത ഉണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News