ഓണ്‍ലൈന്‍ പഠനം സൈബര്‍ കുറ്റങ്ങള്‍ പെരുകാന്‍ സാദ്ധ്യത! രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലവില്‍വരികയും ക്ളാസുകള്‍ ഓണ്‍ലൈനാകുകയും ചെയ്തതോടെ ഇത് മുതലാക്കി കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്ബ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാന്‍ വലകള്‍ വിരിക്കുന്നത്.

ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന അഞ്ചാം ക്ളാസ് മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും സമൂഹമാദ്ധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരാണ്. ഗൂഗിളോ​ ക്രോമോ വഴിയുള്ള ജി മെയില്‍ വിലാസം വഴിയാണ് ഫേസ് ബുക്ക്,​ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ തുറക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ ടിവിയില്ലാത്ത കുട്ടികള്‍ എവിടെ നിന്നെങ്കിലും വാങ്ങിയതോ ആരെങ്കില്‍ സംഭാവന ചെയ്തതോ ആയ പഴയ കമ്ബ്യൂട്ടര്‍,​ മൊബൈല്‍ഫോണുകള്‍ എന്നിവ വഴിയാണ് ക്ളാസുകളില്‍ പങ്കെടുക്കുന്നത്.

ക്ളാസില്‍ പങ്കെടുക്കാനായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് നമ്ബര്‍ മറ്റാരെങ്കിലും വഴിവിട്ട നിലയില്‍ ഉപയോഗിച്ചിരുന്നതാണെങ്കില്‍ അവര്‍ ഉപയോഗിച്ചിരുന്ന സൈറ്റുകളില്‍ നിന്ന് പലവിധത്തിലുള്ള നോട്ടിഫിക്കേഷനുകളും ഓണ്‍ലൈന്‍ ക്ലാസിനിടെ കുട്ടികളുടെ അക്കൗണ്ടിലെത്തും. അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ ഇത്തരം നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാനും സൈറ്റുകളില്‍ കയറാനും ശ്രമിച്ചാല്‍ അവര്‍ അറിയാതെ ചതിക്കുഴികളില്‍ അകപ്പെടും.

ഓണ്‍ലൈന്‍ ക്ളാസിനിടെ ചില സ്ഥലങ്ങളില്‍ അശ്ളീല വീഡ‌ിയോകളും ഇമേജുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഓണ്‍ലൈന്‍ ക്ളാസുകള്‍ നടക്കുന്ന സൈറ്റുകള്‍ ഹാക്ക് ചെയ്യാതിരിക്കാനും മറ്റ് വിധത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാനും സൈബര്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ടീനേജുകാരായ ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായത്തിന്റെ കൗതുകത്തില്‍ ഇത്തരം സൈറ്റുകളില്‍ പരതുകയും വീഡിയോകളും ഫോട്ടോകളും ഡൗണ്‍ലോഡ് ചെയ്യുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യാറുണ്ട്. പോണ്‍ വീഡിയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെയും അശ്ലീല വീഡിയോ ഷെയര്‍ ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ തിരുവനന്തപുരം എസ്.എ.പി ക്യാമ്ബ് കേന്ദ്രീകരിച്ച്‌ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.

നിരീക്ഷണം ഐ.ബിയുടെ സഹായത്തോടെ

ചൈല്‍ഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചതനുസരിച്ച്‌ കേരളത്തിലും ഇന്റര്‍പോളിന്റെ മേല്‍നോട്ടത്തില്‍ ഐ.ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവരെ ഐ.പി അഡ്രസ് പ്രകാരം കൈയ്യോടെ പൊക്കാനാണ് പൊലീസിന്റെ തീരുമാനം.

പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സൈബര്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവും. ഇത്തരം കേസുകളില്‍ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാര്‍ഗങ്ങളുമെല്ലാം പൊലീസ് സാമൂഹമാദ്ധ്യമങ്ങളിലൂടെ പല തവണ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം രക്ഷിതാക്കള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് പൊലീസ് വീണ്ടും നിര്‍ദ്ദേശിക്കുന്നത്.

മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് ആവശ്യമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

#കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകള്‍, സിനിമകള്‍, വെബ്സൈറ്റുകള്‍,​ അവര്‍ ഇന്റര്‍നെറ്റില്‍ തെരയുന്നത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.

#കമ്ബ്യൂട്ടര്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ മുറിയില്‍ വയ്ക്കാതിരിക്കുക.

#പേര്, അഡ്രസ്, ഫോണ്‍ നമ്ബര്‍, ഫോട്ടോ, ഇ മെയില്‍ അഡ്രസ് തുടങ്ങിയവ ഇന്റര്‍നെറ്റില്‍ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം.

#ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക.

#പഠനം കഴിഞ്ഞാല്‍ കുട്ടികളെ ഒരുപാടുസമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ അനുവദിക്കരുത്.

#പൊതുവായുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.

#മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന നെറ്റ് ഷെയ‌ര്‍ ചെയ്താല്‍ കുട്ടികള്‍ അനാവശ്യമായ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇടയാക്കും.

കഴിവതും കുട്ടികള്‍ക്ക് മാത്രമായി ഡിവൈസും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.

#എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന സ്ഥലത്തിരുന്ന് മാത്രം ഇന്റര്‍നെറ്റ് സര്‍വീസ് ഉപയോഗിക്കാന്‍ അനുവദിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News