പൊലീസ് അനുമതി നിഷേധിച്ചു; ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ ഓഫീസിലേയ്ക്ക് മാറ്റി

പൊലീസ് അനുമതി നിഷേധിച്ചതോടെ സ്വകാര്യ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ ഓഫീസിലേയ്ക്ക് മാറ്റി. ബിജെപിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. 3 മണിക്കാണ് യോഗം നടത്താന്‍ തീരുമാനമായത്.

ബിജെപി കോര്‍ കമ്മിറ്റി യോഗം നടത്താനിരുന്ന ഹോട്ടലില്‍ യോഗം ചേരുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മീറ്റിംഗ് നടത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ഹോട്ടലുടമയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിനാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

കുഴല്‍പ്പണ കേസിലെ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകന്‍ ഹരികൃഷ്ണനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോര്‍ കമ്മിറ്റി.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. ഓണ്‍ലൈനായി നേരത്തെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുന്‍നിര നേതാക്കളുടെ അതൃപ്തി, സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങള്‍, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here