കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടുന്നത് വരെ തുടരും: നേതൃമാറ്റത്തില്‍ പ്രതികരിച്ച് യെദ്യൂരപ്പ

കര്‍ണ്ണാടകയില്‍ നേതൃമാറ്റമുണ്ടായേക്കാമെന്ന സൂചന ശക്തിപ്പെട്ട സാഹചര്യത്തില്‍ നിലപാട് വ്യക്തിമാക്കി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കേന്ദ്ര നേതൃത്വം തന്റെ രാജി ആവശ്യപ്പെടുന്നത് വരെ തുടരുമെന്ന് യെദ്യൂരപ്പ അറിയിച്ചു. ദേശീയ നേതൃത്വം എത്രകാലത്തോളം തന്നില്‍ വിശ്വാസം പുലര്‍ത്തുന്നുവോ അത്രയും കാലം അധികാരത്തില്‍ തുടരുമെന്നും യെദ്യൂരപ്പ പ്രതികരിച്ചു.

‘ഹൈക്കമാന്റിന് എന്നില്‍ എത്രകാലം വിശ്വാസം പുലര്‍ത്തുന്നുവോ അതുവരെ അധികാരത്തില്‍ തുടരും. എപ്പോഴാണ് അവര്‍ രാജി ആവശ്യപ്പെടുന്നത് അന്ന് രാജിവെച്ച് പാര്‍ട്ടിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും.’ യെദ്യൂരപ്പ പറഞ്ഞു. നേതൃമാറ്റത്തെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഹൈക്കമാന്റ് തന്ന അവസരം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും ബാക്കിയെല്ലാം നേതൃത്വത്തിന്റെ കൈയ്യിലാണെന്നും യെദ്യൂരപ്പ കൂട്ടിചേര്‍ത്തു. ഒപ്പം തനിക്ക് പകരം വയ്ക്കാന്‍ ഇവിടെ ആളുകളില്ലായെന്ന അവകാശവാദമില്ലെന്നും അത് കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും മികച്ച വ്യക്തികളുണ്ട്, എന്നാല്‍ ഹൈക്കമാന്‍ഡ് പിന്മാറാന്‍ നിര്‍ദേശിക്കുന്നത് വരെ തുടരുമെന്ന വാദത്തില്‍ അദ്ദേഹം ഉറച്ച് നിന്നു.

യെദ്യൂരപ്പെയെ നീക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയിലെ ഒരു വിഭാഗം പലതവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇവര്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. യെദ്യൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സി പി യോഗേശ്വരയും ചില എം എല്‍ എമാരുമടങ്ങുന്ന ബി ജെ പിയിലെ മറുപക്ഷം പലതവണ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഈ വിഷയത്തില്‍ യെദിയൂരപ്പ മനസ്സുതുറക്കുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി യെദ്യൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബി ജെ പി ദേശീയ സെക്രട്ടറി സി ടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News