സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിച്ചു

സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് തുക അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു.

സമാശ്വാസം, ശ്രുതിതരംഗം, താലോലം, മിഠായി, ക്യാന്‍സര്‍ സുരക്ഷാ, വയോമിത്രം തുടങ്ങിയ ചികിത്സാ സഹായ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. സമാശ്വാസം പദ്ധതിക്ക് അഞ്ചു കോടി രൂപ അനുവദിച്ചു. ‘ശ്രുതിതരംഗം’ പദ്ധതിക്ക് എട്ട് കോടിയും ‘താലോലം’ പദ്ധതിക്കായി രണ്ടു കോടി ചെലവഴിക്കാനുമാണ് ഭരണാനുമതി ലഭിച്ചത്.

ചികിത്സാസഹായ പദ്ധതികളും അനുവദിച്ച തുകയും താഴെ നല്‍കുന്നു

സമാശ്വാസം

സമാശ്വാസം പദ്ധതിക്ക് അഞ്ചു കോടി അനുവദിച്ചു. വൃക്ക തകരാര്‍ കാരണം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കലിനു വിധേയരാകുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍, ഹീമോഫീലിയ ബാധിതര്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അരിവാള്‍ രോഗബാധിതര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍.

ശ്രുതിതരംഗം

അഞ്ച് വയസ്സ് വരെയുള്ള മൂകരും ബധിതരുമായ കുട്ടികള്‍ക്ക് സംസാര, കേള്‍വിശക്തി ലഭ്യമാക്കാനുള്ള ‘ശ്രുതിതരംഗം’ പദ്ധതിക്ക് എട്ട് കോടി അനുവദിച്ചു.

താലോലം

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീ രോഗങ്ങള്‍, സെറിബ്രല്‍ പാല്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍ എന്നിവയ്ക്കും എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കും ഡയാലിസിസ് ശസ്തക്രിയ അടക്കമുള്ള ചികിത്സാചിലവ് വഹിക്കുന്ന ‘താലോലം’ പദ്ധതിക്കായി രണ്ടു കോടി ചെലവഴിക്കാന്‍ ഭരണാനുമതി നല്‍കി.

മിഠായി

ടൈപ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മിഠായി പദ്ധതിക്ക് 3.80 കോടി അനുവദിച്ചു.

ക്യാന്‍സര്‍ സുരക്ഷാ

18 വയസ്സ് വരെയുള്ള ബിപിഎല്‍ കുടുംബാംഗമായ കുട്ടികള്‍ക്ക് സൗജന്യ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ക്യാന്‍സര്‍ സുരക്ഷാ പദ്ധതിക്കായി മൂന്നു കോടി.

വയോമിത്രം

വയോജനങ്ങളുടെ ആരോഗ്യ സാമൂഹ്യ പരിരക്ഷ ഉറപ്പാക്കാനുള്ള ‘വയോമിത്ര’ത്തിന് 9.88 കോടി. 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിന് നഗര പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്, പാലിയേറ്റീവ് കെയര്‍, ആംബുലന്‍സ്, ഹെല്‍പ്പ് ഡെസ്‌ക് സൗകര്യങ്ങളാണ് ഇതുവഴി ലഭ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here