ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ നിര്‍വ്വഹിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജൂണ്‍ 7 ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ടെലി മെഡിസിന്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പള്‍സ്- ഓക്‌സി മീറ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. എം.രാജഗോപാലന്‍ എം എല്‍ എ, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, എ കെ എം അഷറഫ് എം.എല്‍.എ, എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ് എന്‍ സരിത, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമീമ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ഡി.പി.ഒ കാസര്‍കോട് മായ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്‍ രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. സ്‌റ്റെല്ല ഡേവിഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.അശോക് കുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ.സി.തമ്പാന്‍, ഡി.ഡി.പി കാസര്‍കോട് ജെയ്‌സണ്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിത് എന്നിവര്‍ സംസാരിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറയും.

പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിന്. ഇ ടെണ്ടര്‍ വഴി ലഭിച്ച മൂന്ന് അപേക്ഷകളില്‍ നിന്നാണ് കെയര്‍ സിസ്റ്റംസിനെ തിരഞ്ഞെടുത്തത്.

1.87കോടിരൂപ ചിലവില്‍ 80 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിയുടെ 20ശതമാനം തുക മുന്‍കൂര്‍ ആയി നല്‍കും. 50 ശതമാനം തുക പ്ലാന്റ് സ്ഥാപിക്കുമ്പോഴും ബാക്കിയുള്ള 30ശതമാനം തുക നിര്‍മ്മാണ പൂര്‍ത്തീകരണ സമയത്തും നല്‍കും.

കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിയാണ് കെയര്‍ സിസ്റ്റംസ്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് ഓക്സിജന്‍ പ്ലാന്റ് പദ്ധതി നടപ്പിലാക്കുന്നത്. ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക.

സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും. ജില്ലയിലെ മുഴുവന്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.

ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലില്‍ വരുന്നത്. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News