ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം; കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും മലയാളികളുടെ അടുക്കള നിറച്ച് ഇടത് സര്‍ക്കാര്‍

ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ലോകമെമ്പാടുമുളള ജനങ്ങള്‍ക്കിടയില്‍ പട്ടിണി വര്‍ദ്ധിക്കുമ്പോഴും കേരളം അതില്‍ നിന്നൊക്കെ വിഭിന്നമായ സംസ്ഥാനമാകുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കേരളത്തില്‍ വിതരണം ചെയ്തത് 8 കോടി 40 ലക്ഷം ഭക്ഷ്യ കിറ്റുകളാണ് . ലോകം ഇന്ന് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ട് ഇത്രയധികം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത മറ്റൊരു ഭരണകൂടവും ഇന്ത്യയിലെവിടെയും ഇല്ല

ഊണിന്നാസ്ഥ കുറഞ്ഞു നിദ്രനിശയിങ്കല്‍പ്പോലുമില്ലാത്ത അവസ്ഥയെന്ന് പാടിയത് മലയാളത്തിന്റെ പ്രിയകവി ഉണ്ണായി വാര്യരാണ് . ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത ഒരാള്‍ പോലും നമ്മുടെ നാട്ടിലില്ലെന്ന് ഉറപ്പാക്കാന്‍ ഒരു സര്‍ക്കാരിന് കഴിയുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ഭരണകൂട വ്യവസ്ഥയും ഇന്നീ ലോകത്തില്ലെന്ന് കരുതുക.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആഗോള പട്ടിണി സൂചികയില്‍ ബംഗ്ലാദേശിനും, പാകിസ്ഥാനും പിന്നീലായി 94 ലാം സ്ഥാനമാണ് ഇന്ത്യക്ക്. കിഴക്കന്‍ ആഫിക്കന്‍ രാജ്യങ്ങളെക്കാള്‍ മുന്നിലുണ്ടെന്ന് സ്വയം മേനി നടിക്കാം എന്നു മാത്രം. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ് 2020 അനുസരിച്ച് ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്.

ആ രാജ്യത്താണ് കേരളമെന്ന ഒറ്റതുരുത്ത് വ്യത്യസ്ഥയോടെ തലയുയര്‍ത്തി നിള്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കേരളത്തില്‍ വിതരണം ചെയ്തത് 8 കോടി 40 ലക്ഷം ഭക്ഷ്യ കിറ്റുകളാണ്. അതിനായി ചിലവഴിച്ചത് 2400 കോടിയിലേറെ രൂപയാണ് . അന്ന വസ്ത്രാദി മുട്ടാതെ കഴിഞ്ഞ് കൂടാന്‍ കഴിയുന്ന കേരളം .തൊഴിലും വരുമാനവും നഷ്ടപ്പെട്ട പതിനായിരങ്ങളെയാണ് കോവിഡ് എന്ന മഹാവ്യാഥി ബാക്കി വെച്ചത്. കേരളവും അതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല .

പക്ഷെ എന്നിട്ടും മലയാളികളുടെ അടുപ്പ് പുകയുന്നുണ്ടെങ്കില്‍ നന്ദിയോടെ സ്മരിക്കേണ്ടത് ഈ നാട്ടിലെ സര്‍ക്കാരിനെയാണെന്ന് എത്ര കടുത്ത വിമര്‍ശകരും സാക്ഷ്യപ്പെടുത്തും. വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന ഈ വലിയ ഗോവര്‍ദ്ധനത്തിന് കീഴില്‍ ആനയും കുരങ്ങനും പോലും സുരക്ഷിതരാണെന്നത് ചെറിയ കാര്യമല്ല.

എന്നീ ദുരിത കാലം തീരുമെന്നറിയാതെ വീട്ടിനുളളിലെ നെരിപോടിലിരുന്ന് നീറിപുകയുന്ന മനുഷ്യര്‍ പോലും നാളെത്തെ ഭക്ഷണത്തെ പറ്റി വേവലാതി പെടുന്നില്ലെന്നത് തന്നെയാണ് ഈ നാടിന്റെ ഐശ്വര്യവും കരുതലും. ലോകഭക്ഷ്യ സുരക്ഷാ ദിനം കടന്ന് പോകുമ്പോള്‍ കേരളത്തില്‍ ആരും വിശന്നിരിക്കുന്നില്ലെന്ന് തലയുയര്‍ത്തി പറയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News