ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം; ഇന്ന് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ സമ്പൂര്‍ണ ഹര്‍ത്താലിന്

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരം ഇന്ന്. രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ദ്വീപ് നിവാസികളും സമരത്തില്‍ പങ്കെടുക്കും.

എല്ലാ രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടുന്ന സേവ് ലക്ഷദ്വീപ് ഫോറമാണ് ഉപവാസ സമരത്തിന് ആഹ്വാനം ചെയ്തത്. ഇതോടെ ചരിത്രത്തിലെ സമ്പൂര്‍ണ ഹര്‍ത്താലിനാകും തിങ്കളാഴ്ച ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുക.

നിരാഹാരം അനുഷ്ഠിക്കുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കും. കപ്പല്‍ ജീവനക്കാരും പണി മുടക്കും. ജനങ്ങള്‍ വീടുകളില്‍ വായമൂടിക്കെട്ടിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടക്കുന്ന നിരാഹാര സമരം സൂചന മാത്രമായിരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലും രൂപവത്കരിച്ച സബ് കമ്മിറ്റികള്‍ സമര പരിപാടികള്‍ ഏകോപിപ്പിക്കും.

ഇതിനു മുമ്പ് 2010ൽ കവരത്തിയിലാണ് ആകെ പ്രാദേശിക ഹർത്താൽ നടന്നത്. ദ്വീപുകളിൽ അവശ്യസാധനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ്​ കവരത്തിയിൽ അന്ന് ഹർത്താൽ നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here