പുതിയ കെ പി സി സി അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ; ഹൈക്കമാന്‍ഡിനെ വലച്ച് ഗ്രൂപ്പ് നേതാക്കളുടെ മൗനം

പുതിയ കെ പി സി സി അധ്യക്ഷന്റെ കാര്യത്തില്‍ ആരുടെയും പേര് നിര്‍ദേശിക്കാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഗ്രൂപ്പ് നേതാക്കളുടെ മൗനത്തില്‍ ഹൈക്കമാന്‍ഡിന് ആശങ്ക. താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഗ്രൂപ്പ് നേതാക്കളുടെ നിര്‍ദേശം തള്ളി പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലുള്ള അതൃപ്തി മറികടക്കാനായിരുന്നു പുതിയ കെ പി സി സി അധ്യക്ഷന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് ഹൈക്കമാന്‍ഡ് താരിഖ് അന്‍വറിനെ ചുമതലപ്പെടുത്തിയത്. പക്ഷെ താരിഖ് അന്‍വര്‍ നടത്തിയ ചര്‍ച്ചയിലും നിലപാട് മാറ്റാതെ ഇടഞ്ഞുതന്നെ നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നി നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിട്ടില്ല.

നേതാക്കളെ വിശ്വാസത്തിലെടുക്കാതെ അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ ഗ്രൂപ്പുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുമോയെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചപോലെ കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തന്നെ എടുത്താല്‍ മതിയെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. ഈ നിര്‍ദ്ദേശം സദുദ്ദേശ്യത്തോടെയല്ലെന്ന് എ ഐ സി സി നേതാക്കള്‍ക്കും അറിയാം.

പുതിയ അധ്യക്ഷനായി കെ സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ഇനി പ്രഖ്യാപനത്തിന് മുന്‍പ് ചര്‍ച്ചയെന്നത് പ്രഹസനമെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി വിഭാഗം. എന്നാല്‍ ഇക്കാര്യത്തില്‍ ഐ വിഭാഗവുമായി യോജിച്ച ഒരു നീക്കത്തിന് എ വിഭാഗം തയ്യാറല്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തല എ ഐ സി സിക്ക് നല്‍കിയ കത്താണ് യോജിച്ച നീക്കത്തിന് വിള്ളല്‍ വീഴ്ത്തിയത്. താരിഖ് അന്‍വര്‍ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ ആശയം വിനിമയം നടത്തി. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News