കൊടകര ബിജെപി കുഴല്‍പ്പണക്കേസ്: 20 പ്രതികളെ അറസ്റ്റ് ചെയ്തു, 96 സാക്ഷികളുടെ മൊഴി എടുത്തു; അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

കൊടകര കുഴല്‍പണക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെ അറസ്റ്റ് ചെയ്തു. 96 സാക്ഷികളു മൊഴി രേഖപെടുത്തി.ഇ ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കൊടകര കുഴല്‍പ്പണക്കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ഷാഫി പറമ്പില്‍ എംഎല്‍ എ യുടെ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും തൃശൂര്‍ റേഞ്ച് ഐ.ജി എറണാകുളം ക്രൈംബ്രാഞ്ച് എസ് പിയുടേയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ.ഡി കേരളാ പൊലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. അതുകൊണ്ടുതന്നെ സഭ നിര്‍ത്തിവെച്ചു വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നോട്ട് നിരോധനത്തിന്റെ പരാജയമാണ് ഈ കുഴല്‍പണക്കേസ് ബി.ജെ.പിയുടെ വലിയ പ്രചരണ സാമഗ്രി പണമാണെന്നും പറഞ്ഞ ഷാഫി പറമ്പില്‍ ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്നതു പോലെ ഒരു കുഴലിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടു മാകരുത് എന്ന് സര്‍ക്കാരിന്നെ കുറ്റപെടുത്തി.എന്നാല്‍ ഈ ആരോപണത്തിന് കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

അതേസമയം സര്‍ക്കാര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ഒത്തുകളിക്കുന്നെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവിനോട് വിവരം പോക്കറ്റിലുണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്തുവിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പുകാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നും അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി ഐ ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here