പൊറോട്ട വീശിയടിച്ച് വൈറലായി വക്കീല്‍ അനശ്വര

തൊഴിലെടുത്തുകൊണ്ട് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്ന കഠിനാധ്വാനികളായ നിരവധി ചെറുപ്പക്കാരുള്ള നാടാണ് നമ്മുടെ കേരളം. വ്യത്യസ്ഥമായ തൊഴിലുകള്‍ ചെയ്യുന്നതിനൊപ്പം പഠനത്തിലും മികവുപുലര്‍ത്തുന്ന നിരവധി വിദ്യാര്‍ഥികളുടെ ജീവിത കഥ മറ്റുള്ളവര്‍ക്ക് മാതൃകയായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഇപ്പോള്‍ പൊറോട്ടയടിച്ച് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ് എല്‍എല്‍ബി വിദ്യാര്‍ഥിനി അനശ്വര. പൊറോട്ട വീശിയടിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന അനശ്വര തൊടുപുഴ ലോ കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തെ ഏറെ ആത്മവിശ്വാസത്തോടെ അതിജീവിക്കുന്ന ഈ നിയമവിദ്യാര്‍ഥിനിയുടെ വീഡിയോ ആറ് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. എരുമേലിക്കടുത്തുള്ള കുറുവാങ്കുഴിയാണ് അനശ്വരയുടെ നാട്. എല്ലാവിധ പിന്തുണയുമായി അനശ്വരയ്‌ക്കൊപ്പം അമ്മയും സഹോദരിമാരുമുണ്ട്. ഉപജീവനമാര്‍ഗ്ഗത്തിനായി അമ്മ തുടങ്ങിവെച്ച തൊഴിലാണ് അനശ്വര തന്‍റെ പഠനത്തിനൊപ്പം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്.

ഒരു അഡ്വക്കേറ്റായതിന് ശേഷവും പൊറോട്ട അടിക്കുന്ന ജോലി തുടരുമെന്നും അനശ്വര പറയുന്നു. സ്വന്തമായി വീടില്ല അനശ്വരയ്ക്ക്. തറവാട് വീട്ടിലാണ് അമ്മയും സഹോദരിമാരുമടങ്ങുന്ന അനശ്വരയുടെ കുടുംബം കഴിയുന്നത്. വര്‍ഷങ്ങളായി പൊറോട്ടയടിക്കുന്ന തൊഴില്‍ ചെയ്താണ് അനശ്വരയുടെ കുടുംബം ജീവിക്കുന്നത്. തന്റെ അമ്മയാണ് എല്ലാവിധ പിന്തുണയും പ്രചോദനവും നല്‍കുന്നതെന്ന് അനശ്വര പറയുന്നു.

പൊറോട്ടയടിക്കാന്‍ പഠിപ്പിച്ചതും അമ്മയാണ്. ആദ്യമൊക്കെ കണ്ടു പഠിച്ചു. പിന്നെ ചെറിയ ഉരുളകളായി പൊറോട്ടയുണ്ടാക്കാന്‍ ശ്രമിച്ചു നോക്കി. പിന്നീട് സഹോദരന്‍ കൃത്യമായി പറഞ്ഞു തന്നുവെന്നും അങ്ങനെയാണ് പൊറോട്ട നിര്‍മ്മാണം കാര്യമായി പഠിച്ചതെന്നും അനശ്വര പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here