വരുതിയില്‍ വരാത്ത ട്വിറ്റര്‍ ബി ജെ പിക്ക് ബാധ്യതയായെന്ന് ശിവസേന

രാജ്യത്തെ മിക്കവാറും മാധ്യമങ്ങളെ നിയന്ത്രണ പരിധിയിലാക്കിയ മോദി സര്‍ക്കാര്‍ പക്ഷെ മൈക്രോ ബ്ലോഗിംഗ് മാധ്യമമായ ട്വിറ്ററിനെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നതില്‍ പരാജയമായി. ഒരുകാലത്ത് ബി ജെ പിയുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ ആത്മാവായിരുന്ന ട്വിറ്റര്‍ ഇതോടെ പാര്‍ട്ടിക്ക് ബാധ്യതയായി മാറിയെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ബി ജെ പിയുടെ ഏക രാഷ്ട്രീയായുധമായിരുന്ന ട്വിറ്ററിനെ എങ്ങിനെ ഒതുക്കണമെന്ന ചിന്തയിലാണ് മോദി സര്‍ക്കാര്‍ ഉറക്കമൊളിക്കുന്നതെന്നും പത്രം തുറന്നടിച്ചു.

2014-ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രതിയോഗികളെ ചെളി വാരിയെറിയാനും തേജോവധം ചെയ്യാനും ട്വിറ്ററിനെപ്പോലുള്ള സാമൂഹികമാധ്യമങ്ങളാണ് ബി ജെ പി പ്രയോജനപ്പെടുത്തിയത്. അന്നെല്ലാം മണ്ണിലിറങ്ങാതെ സോഷ്യല്‍ മീഡിയയില്‍ നിന്നാണ് പാര്‍ട്ടി പണിയെടുത്തത്. രാഷ്ട്രീയ നേട്ടത്തിനായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന വിദ്യക്ക് തുടക്കമിട്ടത് ബി ജെ പിയായിരുന്നു.

രാഹുല്‍ഗാന്ധിയെപ്പോലുള്ള നേതാക്കളെ തേജോവധം ചെയ്യാനും ഉദ്ധവ് താക്കറെ മുതല്‍ മന്‍മോഹന്‍സിങ് വരെയുള്ളവരെ അപഹസിക്കാനും അവര്‍ സാമൂഹിക മാധ്യമങ്ങളെ അമിതമായി ഉപയോഗിച്ചു. പിന്നീട് ഇതേ മാധ്യമങ്ങളെ സര്‍ക്കാരിനെതിരേ ഉപയോഗിക്കുന്നതില്‍ പ്രതിപക്ഷം നൈപുണ്യം നേടിയതോടെ ബി ജെ പി ക്യാമ്പുകളില്‍ പരിഭ്രാന്തി പടര്‍ന്നിരിക്കയാണെന്നും പാര്‍ട്ടി പത്രം പറയുന്നു.

ഇരുതല മൂര്‍ച്ചയുള്ള ട്വിറ്റര്‍ ഉപയോഗിച്ചാണ് പശ്ചിമബംഗാളില്‍ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും ബി ജെ പിയെ മുറിവേല്‍പ്പിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവ്, മോദിയെയും നിതീഷ്‌കുമാറിനെയും തുറന്നു കാണിച്ചത് ട്വിറ്ററിലൂടെയാണ്. ഇതോടെയാണ് ട്വിറ്റര്‍ ബി ജെ പിയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇടം നേടിയതെന്നും സാമ്ന ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News