ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം.

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം…
ബ്രെയിൻ ട്യൂമറിന്റെ നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സയെയും ശസ്ത്രക്രിയയെയും കൂടുതൽ ഫലപ്രദമാക്കുകയും മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ, മസ്തിഷ്ക മുഴകളുടെ ആദ്യകാല ലക്ഷണങ്ങൾ മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടത് പ്രധാനമാണ്.

എല്ലാ വർഷവും ജൂൺ 8 നാണ് ലോക ബ്രെയിൻ ട്യൂമർ ദിനം ആഘോഷിക്കുന്നത്. ജർമ്മൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആളുകളെ ബോധവത്കരിക്കുന്നതിനുമായി ലോകമെമ്പാടും ഈ ദിനം പ്രത്യേകമായി കണക്കാക്കുന്നു. ജനങ്ങളിൽ ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ധാരാളം മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്, അതുകൊണ്ട് തന്നെ ഈ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

പലപ്പോഴും സാധാരണ തലവേദന എന്ന തെറ്റിധാരണ മൂലം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും രോഗം ബാധിച്ചയാളുടെ നില ഗുരുതരമാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. തിരിച്ചറിയാൻ വൈകുന്നത് ചികിത്സ ഫലപ്രദമായ രീതിയിൽ ലഭിക്കുന്നതിന് വലിയ വിലങ്ങുതടിയാകാറുണ്ട്.പ്രത്യേകിച്ച് ഓരോ വർഷവും ബ്രെയിൻ ട്യൂമർ ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ. തലച്ചോറിനുള്ളിലെ ന്യൂറൽ സംവിധാനത്തിൽ നിന്നാണ് ബ്രെയിൻ ട്യൂമറുകൾ ഉണ്ടാകുന്നത്, അല്ലെങ്കിൽ ശ്വാസകോശം, സ്തനങ്ങൾ, വൃക്ക അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ പോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളിൽ ബാധിക്കുന്ന ക്യാൻസറുകളുമായും ഇതിന് ബന്ധമുണ്ടാകും.

ഇനി പറയുന്ന അപായസൂചനകൾ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്:

1. തലവേദന ഇല്ലാത്ത ഒരാൾക്ക് തലവേദന വരാൻ തുടങ്ങിയാൽ, അത് ഗൗരവമായി കാണണം. പുതുതായി രൂപംകൊണ്ട തലവേദനയുടെ തീവ്രത ക്രമേണ വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. വേദന തികച്ചും ഇടവിടാതെ തന്നെ അനുഭവപ്പെടുന്നു. സാധാരണയായി അധിക സമയത്തും രോഗി കടുത്ത തലവേദനയെ തുടർന്നാണ് രാവിലെ ഉണരുന്നത്.

2. രാവിലെ ഉണരുമ്പോൾ തന്നെ രോഗി അതികഠിനമായി ഛർദ്ദിക്കുന്നു. ഇവിടെ ഛർദിയോടൊപ്പം ഓക്കാനം ഉണ്ടാകില്ല. ഛർദ്ദിക്കുന്നതോടെ തലവേദനയ്ക്ക് താൽക്കാലിക ആശ്വാസം ലഭിക്കുന്നു.

3. പുതിയതായി സംഭവിക്കുന്ന ഫിറ്റ്സ്. ഇത് വ്യത്യസ്ത തരം ആകാം അതായതു ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഉൾപ്പെടുന്നതരത്തിലോ (കൂടുതൽ പ്രാധാന്യമർഹിക്കുന്നവ) അല്ലെങ്കിൽ മുഴുവൻ ശരീരവും ഉൾപ്പെടുന്ന തരത്തിലോ ആവാം.

4. ബലഹീനത അല്ലെങ്കിൽ മരവിപ്പ്- ക്രമേണ വർദ്ധിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ ഒരു വശo മാത്രം ഉൾപ്പെടുമ്പോൾ.

5. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ഒപ്റ്റിക് നാഡി (കാഴ്ചയുടെ നാഡി) അല്ലെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവ ഉൾപ്പെടുമ്പോൾ.

6. മെമ്മറി പ്രശ്നങ്ങൾ, പെരുമാറ്റ മാറ്റങ്ങൾ, ഭാഷാ പ്രശ്നങ്ങൾ, ആശയക്കുഴപ്പങ്ങൾ മുതലായവ പെട്ടെന്ന് ഉണ്ടാകുന്ന വൈജ്ഞാനിക പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ.

7. സംസാരത്തിലെ ബുദ്ധിമുട്ട്, ചലനരീതിയിൽ സംഭവിക്കുന്ന പെട്ടെന്നുള്ള അസ്വസ്ഥതകൾ, അസന്തുലിതാവസ്ഥ, ഏകോപനത്തിൽ അല്ലെങ്കിൽ മുഖത്തെ പേശികളുടെ ബലഹീനത എന്നിവ സംഭവിക്കുമ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here