രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്റെ ചേംബറില്‍ വച്ചാണ് സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ശിവദാസന്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആവുകയും പിന്നീട് സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും, സംസ്ഥാന കമ്മിറ്റി അംഗവുമായി. അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല.

രാവിലെ 11 മണിക്ക് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍ വച്ചാണ് ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നുമാണ് ജോണ്‍ ബ്രിട്ടാസ് എം പി സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ലമെന്റിന്റെ പ്രസ് ഗ്യാലറികളിലിരുന്ന് രാജ്യസഭയുടെയും ലോക്‌സഭയുടെയും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിടത്തുനിന്നുമാണ് താഴെ സഭയിലേക്ക് എത്തുന്നത്.

1988 മുതല്‍ ദേശാഭിമാനിയിലും പിന്നീട് കൈരളിയുടെ ബ്യൂറോ ചീഫായും ദില്ലിയില്‍ പ്രവര്‍ത്തിച്ചശേഷമാണ് ബ്രിട്ടാസ് കേരളത്തിലേക്കു പോകുന്നത് 2003ല്‍. അതുവരെ ഒട്ടേറെ ശ്രദ്ധേയമായ വാര്‍ത്തകള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകന്‍. യുദ്ധബാധിതമായ ഇറാഖ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകളും വിശകലനങ്ങളും നല്‍കി. രാജ്യസഭയിലേക്കെത്തുമ്പോള്‍ കേരളത്തില്‍ നിന്ന് രാജ്യസഭാംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്ന ബഹുമതിയും ജോണ്‍ ബ്രിട്ടാസിന് സ്വന്തം.

ജോണ്‍ ബ്രിട്ടാസിനൊപ്പം വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്യും. പഠിക്കുക പോരാടുക എന്ന എസ് എഫ് ഐയുടെ മുദ്രാവാക്യം കടന്നുവന്ന വഴികളില്‍ പ്രാവര്‍ത്തികമാക്കിയ നേതാവാണ് ശിവദാസന്‍. വളരെയധികം പ്രവര്‍ത്ഥിപരിചയമുള്ള ഇരുവരുടെയും പ്രവര്‍ത്തനം രാജ്യസഭയില്‍ മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here