കെ സുരേന്ദ്രനെതിരായ കോഴക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐ പി സി 171 ബി വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന പരാതിയിലാണു കേസെടുത്തിരിക്കുന്നത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണു പരാതി നല്‍കിയത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി ജെ പിക്കാര്‍ തനിക്കു പണം നല്‍കിയെന്നു കെ സുന്ദര പറഞ്ഞതോടെയാണു വിവാദങ്ങള്‍ ആരംഭിക്കുന്നത്. സുരേന്ദ്രനും ബി ജെ പിയും സുന്ദരയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ചെങ്കിലും പണം നല്‍കിയതു യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണെന്നു കഴിഞ്ഞ ദിവസം കെ സുന്ദര പൊലീസിനു മൊഴി നല്‍കി.

സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്‍കാന്‍ വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്നു സുന്ദര പറഞ്ഞു. ബദിയടുക്ക പൊലീസിനാണു സുന്ദര മൊഴി നല്‍കിയത്. ബി ജെ പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മൊഴിനല്‍കിയ ശേഷം വീട്ടിലെത്തിച്ചതും പൊലീസ് സംരക്ഷണിയിലാണ്. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടു സുനില്‍ നായിക്കിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനില്‍ നായിക്കായിരുന്നു പണം നല്‍കിയതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിനു മൊഴി നല്‍കിയത്. മാര്‍ച്ച് 21 ന് ബി ജെ പി പ്രവര്‍ത്തകര്‍ കെ സുന്ദരയുടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രം സുനില്‍ നായിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശ് വാങ്ങിയത് തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News