സന്തോഷിന് ചലന സ്വാതന്ത്ര്യം നൽകി നടൻ അലക്സാണ്ടർ പ്രശാന്ത്; 49കാരന് വീൽ‌ച്ചെയർ സമ്മാനിക്കാൻ താരം നേരിട്ടെത്തി

കണ്ടാൽ‌ മുഖമടച്ച് ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രങ്ങളാണ് നടൻ അലക്സാണ്ടർ പ്രശാന്ത് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളത്. തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ പ്രശാന്ത് അവതരിപ്പിച്ച, തരക്കേടില്ലാത്ത പ്രൊഫഷണൽ ഈഗോയും കൊണ്ടുനടക്കുന്ന സൈബർ സെൽ ഉദ്യോ​ഗസ്ഥനായ ബഷീർ എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആക്ഷൻ ഹീറോ ബിജുവിലെ ജോസ് പൊറ്റക്കുഴിക്കും ജാവയിലെ ബഷീറിനുമുള്ള സ്വഭാവമല്ല സ്വകാര്യ ജീവിതത്തിൽ അലക്സാണ്ടർ പ്രശാന്തിനുള്ളത്. സഹജീവികളോടുള്ള കാരുണ്യവും കരുതലുമാണ് സിനിമാ ലോകത്ത് ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സ്വദേശിയായ ശയ്യാവലംബിയായ യുവാവിന് തിരുവല്ലയിൽ നിന്നും നേരിട്ടെത്തി വീൽച്ചെയർ സമ്മാനിച്ചിരിക്കുകയാണ് താരം.

പടിഞ്ഞാറെ കല്ലട സ്വദേശിയായ സന്തോഷ് ജന്മനാ പോളിയോ ബാധിച്ച് ഇരുകൈകളും കാലുകളും തളർന്ന വ്യക്തിയാണ്. 49കാരനായ സന്തോഷിന് ഈ ലോക്ഡൗൺ കാലത്ത് പനി പിടിപെടുകയും പ്രദേശത്തെ എഐവൈഎഫ് പ്രവർത്തകരെ വീട്ടുകാർ സഹായത്തിന് ബന്ധപ്പെടുകയുമായിരുന്നു. സന്തോഷിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായെത്തിയ എഐവൈഎഫ് നേതാക്കളാ‌യ അനന്തു മാതിരംപള്ളിലും രമേഷും കാണുന്നത് സ്വയം ചലനശേഷി ഇല്ലാത്ത 49കാരനെയാണ്. ഒരു വീൽച്ചെയർ ഉണ്ടെങ്കിൽ സന്തോഷിന് വീട്ടിലും പരിസരത്തും എങ്കിലും സഞ്ചരിക്കാനാകുമെന്ന് ഇരുവരും തിരിച്ചറിഞ്ഞു. എന്നാൽ കൊവിഡ് പ്രതിരോധ സേനയുടെ ഭാ​ഗമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ ഇരുവരുടെയും കൈകളിൽ അഞ്ചുപൈസ പോലും ഇല്ലാത്ത സ്ഥിതിയും ആയിരുന്നു.

ഈ സാഹചര്യത്തിലാണ് അനന്തുവും രമേഷും അലക്സാണ്ടർ പ്രശാന്തിനെ ഫോണിൽ ബന്ധപ്പെടുന്നത്. സന്തോഷിന്റെ സാഹചര്യവും തങ്ങളുടെ അവസ്ഥയും ഇരുവരും വിശദമായി പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ സന്തോഷിന് വീൽച്ചെയർ ലഭിക്കാതിരിക്കരുത് എന്ന് പ്രശാന്തും തറപ്പിച്ച് പറഞ്ഞു. നിങ്ങൾ പോയി വീൽച്ചെയർ വാങ്ങൂ, പണം എത്രയായാലും ഞാൻ തരാം എന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. ഇതോടെ കൊവിഡ് പ്രതിരോധ സേനയുടെ പ്രവർത്തന തിരക്കിനിടയിലും ഇരുവരും വീൽച്ചെയർ വാങ്ങാനോടി. വീൽച്ചയറിന്റെ പണം പ്രശാന്ത് ട്രാൻസ്ഫർ ചെയ്ത് കൊടുത്തു.

വീൽച്ചെയർ വാങ്ങിയതോടെ ഇത് പ്രിയ നടൻ തന്നെ പ്രശാന്തിന് നൽകണം എന്ന ആവശ്യമാണ് അനന്തുവും രമേഷും ഉയർത്തിയത്. ലോക് ഡൗൺ സമയമാണെന്നും നിങ്ങൾ തന്നെ സമ്മാനിച്ചാൽ മതിയെന്നും പറഞ്ഞൊഴിയാൻ പ്രശാന്ത് ശ്രമിച്ചെങ്കിലും ഇരുവരുടെയും സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങി തിരുവല്ലയിൽ നിന്നും പ്രശാന്ത് പടിഞ്ഞാറെ കല്ലടയിലെത്തി സന്തോഷിന് വീൽച്ചെയർ സമ്മാനിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയും റവന്യു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗവുമായ ടി അനിലും ബ്ലോക്ക് പഞ്ചായത്ത് അം​ഗം രതീഷും എഐവൈഎഫ് നേതാക്കളും ആ മുഹൂർത്തത്തിന് സാക്ഷിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News