തെരഞ്ഞെടുപ്പ് ചട്ടലംഘനം; കെ സുരേന്ദ്രൻ സമർപ്പിച്ചത് കള്ളക്കണക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി സ്ഥാനാര്‍ത്ഥിയായിരിക്കെ കെ. സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കണക്കുകളിലും പൊരുത്തക്കേടുകള്‍. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ചെലവുകള്‍ സ്ഥാനാര്‍ത്ഥി തന്നെ വഹിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ സുരേന്ദ്രന്‍ ലംഘിച്ചു. സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയുടെ കണക്കു വിവരങ്ങള്‍ പോലും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചു.

കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ സത്യവാങ്മൂലത്തിലെ വൈരുദ്ധ്യം നിറഞ്ഞ കണക്കുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ 26,95,957 രൂപ ചെലവിട്ടെന്നാണ് കണക്കുകളില്‍. ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേന്ദ്രന്‍ വേദി പങ്കിടുകയും ചെയ്തിരുന്നു. പരിപാടിക്കാകട്ടെ രണ്ട് ലക്ഷത്തി നാന്നൂറ്റി അമ്പത്തിനാല് രൂപയാണ് ചെലവിനത്തില്‍ കാണിച്ചത്. ആ തുക നല്‍കിയിരിക്കുന്നതാകട്ടെ പാര്‍ട്ടി ആണെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.

അതേസമയം പ്രധാനമന്ത്രിയെപ്പോലുള്ള താരപ്രചാരകര്‍ പങ്കെടുക്കുന്ന പൊതുറാലി, യോഗങ്ങള്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്താലോ അല്ലെങ്കില്‍ വേദിയില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററോ ഫ്‌ളക്‌സ് ബോര്‍ഡോ പ്രദര്‍ശിപ്പിച്ചാല്‍ പോലും ആ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍പ്പെടുത്തണമെന്നാണ് തെര.കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ദേശങ്ങളെല്ലാം നിലനില്‍ക്കെയാണ് സുരേന്ദ്രന്‍ ഈ ചട്ടലംഘനം നടത്തിയിരിക്കുന്നത്.

സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ സഞ്ചരിച്ചതിന്റെ ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനഭാഗമായുള്ളഹെലിപാഡ് നിര്‍മാണം, പൊതുയോഗത്തിനായി നിര്‍മിച്ച കുറ്റന്‍ വേദി, വാഹന വാടക എന്നിവയിലും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായ തുകയാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ബിജെപി വഹിച്ചത് 14,32,754 രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് 3,80,000 രൂപയായെന്നും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News