കുട്ടികള്‍ക്ക് സാമ്പത്തിക ഭാരമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, പഠനോപകരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ ശ്രമം തുടരുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എപ്പോള്‍ അവസാനിപ്പിക്കുമെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. സമഗ്രമായ കുടിശിക പിരിച്ചെടുക്കലിന് ആംനസ്റ്റി സ്‌കീം നടപ്പാക്കുന്നത് പരിശോധിക്കുമെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഉയരുന്ന പരാതികളിലാണ് മുഖ്യമന്ത്രിയുടെ മറുപടി. കുട്ടികള്‍ക്ക് സാമ്പത്തിക ഭാരമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിദ്യാഭ്യാസ ഉപകരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇവ ലഭ്യമാക്കാനും കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആദിവാസി മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഇന്റര്‍നെറ്റിന് തുക നല്‍കാന്‍ ശേഷിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതും പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ മുന്‍ സര്‍ക്കാരിനുണ്ടായ പോരായ്മ പരിഹരിക്കാന്‍ ആംനസ്റ്റി പദ്ധതി നടപ്പാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ ചട്ടവിരുദ്ധ ചോദ്യമെന്ന കഴിഞ്ഞ ദിവസത്തെ പരാതിയില്‍ സ്പീക്കര്‍ റൂളിംഗ് നടത്തി. പരാതിയില്‍ വിശദ പരിശോധന നടത്തിയ സ്പീക്കറുടെ ഓഫീസിന് മനപ്പൂര്‍വമല്ലാത്ത വീഴ്ച നിയമസഭ സെക്രട്ടേറിയറ്റിന്റെ ഭാഗമായി ഉണ്ടായതായി കണ്ടെത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ റൂളിംഗ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here