റാന്നി താലൂക്കാശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ സ്റ്റാന്റേർഡിൽ ആധുനിക ലേബർ ഡെലിവറി റിക്കവറി (എൽ.ഡി.ആർ.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗർഭിണികൾക്ക് ഗുണനിലവാരമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും വേണ്ടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം തന്നെ ലക്ഷ്യ സ്റ്റാന്റേർഡ് അനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റാന്നി താലൂക്ക് ആശുപത്രിയ്ക്ക് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

2260 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് ഈ ലേബർ ഡെലിവറി സ്യൂട്ട് സജ്ജമാക്കുന്നത്. വേദനരഹിത പ്രസവ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പ്രത്യേക റിസപ്ഷൻ, ഡോക്ടർമാരുടെ പരിശോധനാ മുറി, ഒരേസമയം 6 പേരെ പരിചരിക്കാനുള്ള സ്റ്റേജ് വൺ ലേബർ റൂം, 4 പേരുടെ പ്രസവം ഒരേസമയം എടുക്കാൻ കഴിയുന്ന ലേബർ സ്യൂട്ട്, റിക്കവറി റൂം എന്നിവ സജ്ജമാക്കും. ഇതുകൂടാതെ നവജാത ശിശുക്കളുടെ പരിചരണത്തിനായുള്ള ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റും ലേബർ റൂമിനോടനുബന്ധിച്ച് പ്രവർത്തന സജ്ജമാക്കുന്നതാണ്.

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്ന താലൂക്കുതല ആശുപത്രിയാണ് റാന്നി താലൂക്കാശുപത്രി. ആധുനിക ലേബർ ഡെലിവറി സ്യൂട്ട് സജ്ജമാകുന്നതോടെ ഗർഭിണികൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ലഭ്യമാകുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here