സാന്ത്വന പദ്ധതിയുമായി മലയാളി വ്യവസായി: ജീവനക്കാരുടെ അമ്മമാർക്കും ‘ശമ്പളം’ നൽകി

ജീവനക്കാരുടെ​ ശമ്പളം വെട്ടിക്കുറക്കപ്പെടുന്ന കാലത്ത്​ അവരുടെ അമ്മമാർക്കും ‘ശമ്പളം’ നൽകി ദുബൈയിലെ മലയാളി വ്യവസായി. സ്​മാർട്ട്​ ട്രാവൽസ്​ ഉടമ അഫി അഹ്​മദാണ് സ്​ഥാപനത്തിലെ ജീവനക്കാരുടെ അമ്മമാർക്കായി സാന്ത്വന പദ്ധതി ആവിഷ്​കരിച്ചത്​. പ്രതിമാസം 250 ദിർഹം വീതമാണ്​ (5000 രൂപ) അമ്മമാരുടെ അക്കൗണ്ടിലേക്ക്​ നിക്ഷേപിക്കുന്നത്​. ഇത്​ ജീവനക്കാരിൽ നിന്ന്​ ഈടാക്കില്ല.

22 ജീവനക്കാരാണ്​ കണ്ണൂർ സ്വദേശി അഫി അഹ്​മദിന്‍റെ സ്​ഥാപനത്തിൽ ജോലി ചെയ്യുന്നത്​. ഇതിൽ ഭൂരിപക്ഷവും മലയാളികളാണ്​. പത്താം തീയതി ഇവർക്ക്​ ശമ്പളം നൽകുന്നതിനൊപ്പം അമ്മമാർക്കും നൽകാനാണ്​ ‘കെയർ ഫോർ യുവർ മം’ എന്ന പേരിൽ പദ്ധതി ആവിഷ്​കരിച്ചത്​. ഈ മാസം മുതൽ പണം അയച്ച്​ തുടങ്ങും. മഹാമാരിയുടെ കാലത്ത്​ അമ്മമാർക്ക്​ കൈത്താങ്ങാവുകയാണ്​ ലക്ഷ്യമെന്ന്​ അഫി പറഞ്ഞു.

​അടുത്തിടെ തനിക്ക്​ വന്ന ഫോൺ കോളാണ്​ ഇങ്ങനൊരു ചിന്തയിലേക്ക്​ ​പ്രേരിപ്പിച്ചതെന്ന്​ അഫി പറയുന്നു. യു.എ.ഇയിൽ ജോലി ചെയ്യുന്ന യുവാവ്​ മാതാപിതാക്കൾക്ക്​ പണം അയക്കുന്നില്ലെന്നും ഉപദേശിക്കണമെന്നുമായിരുന്നു സുഹൃത്ത്​ ഫോൺകോളിൽ ആവശ്യപ്പെട്ടത്​. യുവാവിനെ കണ്ട്​ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും തനിക്ക്​ കിട്ടുന്നത്​ ചിലവിന്​ പോലും തികയുന്നില്ലെന്നായിരുന്നു യുവാവി​ന്‍റെ മറുപടി. ഇയാളുടെ ഫേസ്​ബുക്കിൽ നോക്കിയപ്പോൾ ഹോട്ടലിൽ മുറിയെടുത്ത അവധിദിനങ്ങൾ ആഘോഷമാക്കുന്നതാണ്​ കണ്ടത്​.

ഇതേതുടർന്നാണ്​ അഫി ജീവനക്കാരോട്​ അഭിപ്രായം ചോദിച്ചത്​. എല്ലാ മാസവും അമ്മമാർക്ക്​ പണം അയക്കാൻ എത്രപേർക്ക്​ കഴിയുന്നുണ്ടെന്നായിരുന്നായിരുന്നു ചോദ്യം. പലർക്കും സ്​ഥിരമായി പണം അയക്കാൻ കഴിയുന്നില്ല എന്നറിഞ്ഞതോടെയാണ് അമ്മമാർക്ക്​ കൈത്താങ്ങാകാൻ ത​ന്നാൽ കഴിയുന്നത്​ ചെയ്യാൻ തീരുമാനിച്ചത്​. ആനന്ദക്കണ്ണീരോടെയാണ്​ പല ജീവനക്കാരും അഫിയുടെ പ്രഖ്യാപനം ഏറ്റെടുത്തത്​.

ലോക്​ഡൗൺ സമയത്ത്​ സ്​ഥാപനം അടച്ചിടേണ്ടി വന്ന​പ്പോൾ ശമ്പളത്തിൽ ചെറിയ കുറവ്​ വരുത്തിയിരുന്നു. ഇത്​ പുനസ്​ഥാപിച്ചതിനൊപ്പമാണ്​ അമ്മമാരുടെ സ്​നേഹവായ്​പുകൾ ഏറ്റുവാങ്ങുന്ന പ്രഖ്യാപനം ഉണ്ടായത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here