സുപ്രീംകോടതിയ്ക്ക് കത്തെഴുതി അഞ്ചാംക്ലാസുകാരി; കരുതലെന്നെ അതിശയിപ്പിച്ചുവെന്ന് ചീഫ് ജസ്റ്റിസിന്‍റെ മറുപടി

തൃശൂര്‍: സുപ്രീം കോടതിയ്ക്ക് നന്ദി പറഞ്ഞ് കത്തെഴുതിയ അഞ്ചാംക്ലാസുകാരിക്ക്, മറുപടി കത്തെഴുതി ചീഫ് ജസ്റ്റിസ്. കൊവിഡ് വിഷയത്തിലെ കോടതിയുടെ ഇടപെടലിനെ കുറിച്ച്‌ എഴുതിയ മലയാളി വിദ്യാര്‍ത്ഥി ലിഡ്‍വിന ജോസഫിനാണ് ചീഫ് ജസ്റ്റിസ് കത്ത് എഴുതിയത്. ലിഡ്‍വിനയുടെ കത്തില്‍ സന്തോഷം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഭരണഘടനയുടെ പകര്‍പ്പും ഒപ്പിട്ട് സമ്മാനമായി നല്‍കി.

ബഹുമാനപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിന് എന്ന് തലക്കെട്ടിലാണ് ലിഡ്‍വിനയുടെ ഏഴ് വരിയുള്ള കത്ത് തുടങ്ങുന്നത്. പത്രത്തില്‍ നിന്നാണ് ഞാന്‍ വാര്‍ത്തകള്‍ അറിയുന്നത്. ദില്ലി ഉള്‍പ്പെടെയുള്ള രാജ്യത്ത് പലയിടങ്ങളിലും കൊറോണ മൂലം ആളുകള്‍ മരിക്കുന്നത് എന്നെ വിഷമിപ്പിച്ചു.

എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ മൂലം നിരവധി പേരെ മരണത്തില്‍ രക്ഷിക്കാനായെന്ന് അറിയാനായി.കൊവിഡിലെ കോടതിയുടെ ഇടപെടലുകള്‍ സന്തോഷകരവും അഭിമാനകരവുമാണെന്നും കുഞ്ഞു കത്തില്‍ ലിഡ്‍വിന എഴുതി. ഒപ്പം കൊറോണ വൈറസിനെ അടിച്ച്‌ ശരിയാക്കാന്‍ പോകുന്ന ഒരു ജ‍ഡ്ജിയുടെ പടവും വരച്ച്‌ കത്തിനോടൊപ്പം അയച്ചു.

നൂറ് കണക്കിന് കത്തുകള്‍ ദിവസവും ലഭിക്കുന്ന സുപ്രീംകോടതിയില്‍ നിന്ന് ഈ കത്തിന് ഒരു മറുപടി വരുമെന്ന് ലിഡ്‍വിനയോ അവളെ പ്രോത്സാഹിപ്പിച്ച കുടുംബമോ കരുതി കാണില്ല. . എന്നാല്‍ ആ കത്തിന് ഇന്നലെ ഒരു മറുപടിയുണ്ടായി. എഴുതിയത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ തന്നെയാണ്.

പ്രിയപ്പെട്ട ലിഡ്‍വിന അയച്ച മനോഹരമായ കത്തും പടവും കിട്ടി. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ലിഡ്‍വിന ശ്രദ്ധിക്കുന്നുവെന്നതും ആളുകളുടെ ക്ഷേമത്തെ കുറിച്ചുള്ള കരുതലുമെന്നെ അതിശയിപ്പിച്ചു. വളരുമ്പോള്‍ ലിഡ്‍വിന രാജ്യത്തിന് വലിയ സംഭാവന നല്‍കുന്ന ഉത്തരവാദിത്വമുള്ള ആളാകുമെന്ന് എനിക്ക് ഉറപ്പാണ്. ലിഡ്‍വിനക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ചീഫ് ജസ്റ്റിസ് മറുപടി കത്ത് അവസാനിപ്പിക്കുന്നത്. ലിഡ്‍വിനയുടെ കത്തും ചീഫ് ജസ്റ്റിസിന്‍റെ മറുപടിയുമെല്ലാം ഇപ്പോൾ ദേശീയ മാധ്യമങ്ങളടക്കം ചർച്ചചെയ്യുകയാണ്.

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ഇപ്പോൾ തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫിസിൽ ജീവനക്കാരനുമായ ജോസഫ് കെ.ഫ്രാൻസിസിന്റെയും സേക്ര‍ഡ് ഹാർട്ട് എൽപി സ്കൂളിൽ അധ്യാപികയായ ബിൽസിയുടെയും മകൾ ആണ് ലിഡ്വിന. സഹോദരങ്ങൾ: ഇസബെൽ, കാതറിൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News