സ്വിച്ചിട്ടാല്‍ ലോക്കാകുന്ന ഓടാമ്പല്‍; വാതിലിന് പുറത്തുള്ള വയറില്‍ തൊട്ടാല്‍ ഷോക്കടിക്കും; ശുചിമുറിയില്‍ പോകുന്നത് പാതിരാത്രിയില്‍ ജനലിന്റെ കമ്പി മാറ്റി; റഹ്മാന്‍ ’10 വര്‍ഷം’ സജിതയെ വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

നാടിനെ മുഴവന്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പിലെ റഹ്മാന്‍ – സജിത ദമ്പതികളുടെ അസാധാരണ പ്രണയകഥ ഏവരും ഞെട്ടലോടെ മാത്രമേ കേട്ടിരിക്കുള്ളൂ. 18 വയസ്സുകാരിയായ യുവതി വീടുവിട്ടിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം.

സ്വന്തം കാലില്‍ നില്‍ക്കാനായ ശേഷം എല്ലാ വിവരങ്ങളും പുറത്തുപറയാമെന്ന ധാരണയില്‍ റഹ്മാന്‍ സജിതയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്ത് വര്‍ഷമാണ്. രണ്ട് മതത്തില്‍ പെട്ടവരായിരുന്നതു കൊണ്ടുതന്നെ തങ്ങളുടെ ബന്ധം അറിഞ്ഞാല്‍ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കു എന്ന കാരണമാണ് ഇവരെ ഇത്തരം ഒരു സാഹസിക സംഭവം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. ഇരുവരും പ്രണയമായതോടെ 18 വയസ്സുകാരിയായ യുവതി ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്ന റഹ്മാനാടോപ്പം റഹ്മാന്റെ വീട്ടില്‍ ഒളിച്ച് താമസിക്കാന്‍ തുടങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്ടില്‍ അവര്‍ പോലും അറിയാതെ സജിത പത്തുവര്‍ഷം ജീവിച്ചു.

പണിയ്ക്ക് പോയി വന്നാല്‍ മുറിയിലെ ടിവി ഉച്ചത്തില്‍വെയ്ക്കുന്ന സമയത്താണ് ഇവരുടെ സംസാരം മുഴുവനും. പകല്‍സമയത്ത് ഒറ്റയ്ക്ക് മുറിയില്‍ കഴിയുന്ന യുവതിയ്ക്ക് ടിവിയുടെ ശബ്ദം കേള്‍ക്കുന്നതിനായി ഇയര്‍ഫോണും സജ്ജമാക്കി നല്‍കിയിരുന്നു റഹ്മാന്‍. സംഭവം ഇങ്ങനെ :

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. 24കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയതാണ് സജിത. നാട്ടുകാരും അങ്ങനെ തന്നെ വിശ്വസിച്ചു. സജിതയ്ക്കായുള്ള കാത്തിരിപ്പിന് മണിക്കൂറുകള്‍ കടന്നു പോയി. മണിക്കൂറുകള്‍ ദിവസമായി. ദിവസങ്ങള്‍ ആഴ്ചകളും. പരാതിക്കാരായ വീട്ടുകാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ആവലാതിയുമായി ചെന്നു. പൊലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചു. സജിതയുടെ പൊടിപോലും കിട്ടിയില്ല.

സജിതയുടെ തിരോധാനത്തില്‍ ദുരൂഹത ലവലേശം പോലുമില്ലായിരുന്നു എന്നതാണ് സത്യം. സംശയത്തിന്റെ നിഴല്‍ പോലുമില്ല. പൊലീസിന് പല മിസിങ് കേസുകളില്‍ ഒന്നായി ഇതും മാറി. വര്‍ഷങ്ങള്‍ നീണ്ടു പോയി. സജിത അന്നാട്ടുകാരുടെ ഓര്‍മയില്‍ നിന്നു പോലും മറഞ്ഞു.

അമ്മയും സഹോദരങ്ങളും ആരുമറിയാതെയായിരുന്നു റഹ്‌മാന്‍ സജിതയെ വീട്ടില്‍ താമസിപ്പിച്ചത്.റഹ്‌മാന്‍ പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ആരും തന്നെ മുറിക്കകത്തേക്ക് പ്രവേശിച്ചിരുന്നില്ല. ഇലക്ട്രിക് കാര്യങ്ങളില്‍ അഗ്രഗണ്യനായ റഹ്‌മാന്‍ തന്റെ സകലകുരുട്ടു ബുദ്ധിയും ഇവിടെ പ്രയോഗിച്ചു.

മുറിക്കകത്തും പുറത്തും ചില സിസ്റ്റങ്ങള്‍ ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. റഹ്‌മാന്റെ മുറിക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങള്‍ക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി.

മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. അവന് മാനസിക പ്രശ്‌നമുണ്ടെന്ന വീട്ടുകാരുടെ വിധിയെഴുത്ത് റഹ്‌മാന് കൂടുതല്‍ ഗുണകരമായി. റഹ്‌മാന്‍ കാട്ടിക്കൂട്ടുന്നതൊന്നും ശ്രദ്ധിക്കേണ്ട എന്ന മട്ടിലായി വീട്ടുകാര്‍. ഇത് റഹ്‌മാന്റെ പദ്ധതികളെ കൂടുതല്‍ എളുപ്പമാക്കി.

ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി ആരുമറിയാതെ ഇതുവഴി പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വീടിനു പുറത്തിറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും .മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി.

10 വര്‍ഷത്തോളം ഈ വീട്ടില്‍ തന്നെയായിരുന്നു സജിതയും കഴിഞ്ഞിരുന്നത്. തൊട്ടടുത്ത് തന്നെ മകള്‍ ഒളിച്ച് കഴിയുന്നുണ്ടെന്നത് സജിതയുടെ മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

ജനല്‍ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു. കുടുംബത്തൊടൊപ്പമിരുന്ന് ഇന്നു വരെ ഭക്ഷണം കഴിയ്ക്കാന്‍ റഹിമാന്‍ തയ്യാറായിരുന്നില്ല. ആവശ്യമായത് പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതയ്‌ക്കൊപ്പമിരുന്ന് കഴിക്കും. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗില്‍ ചായഎടുത്തു കൊണ്ടു പോകും.

അങ്ങനെ 10 വര്‍ഷങ്ങള്‍ കടന്നു പോയി.  റഹ്‌മാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീടു വിട്ടിറങ്ങിയിരുന്നു. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയ്‌ക്കൊപ്പം രഹസ്യമായി താമസവും തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാത്തതിനാല്‍ റഹ്‌മാനെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയാണ് സിനിമാക്കഥകളെ വെല്ലുന്ന ആന്റി ക്ലൈമാക്‌സിലെത്തിച്ചത്.

എന്നാല്‍ 3 മാസം മുന്‍പ് കാണാതായ റഹിമാന്‍ എന്ന യുവാവിനെ സഹോദരന്‍ ബഷീര്‍ ക‍ഴിഞ്ഞ ദിവസം നെന്‍മാറയില്‍ വെച്ച് അവിചാരിതമായി കണ്ടു. ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന റഹ്‌മാന്‍ ബഷീറിനെ കണ്ടതും വേഗത കൂട്ടി.

തുടര്‍ന്ന് കൊവിഡ് പരിശോധനയുടെ ഭാഗമായി നിരത്തില്‍ നിലയുറപ്പിച്ചിരുന്ന പൊലീസുകാരെ ബഷീര്‍ പൊടുന്നനെ വിവരം അറിയിച്ചു. പാഞ്ഞു വരുന്ന ബൈക്കുകാരന്റെ പേരില്‍ കേസുണ്ടെന്നും പിടിക്കണമെന്നും അറിയിച്ചു. പൊലീസ് റഹ്‌മാനെ പിടികൂടി കാര്യങ്ങള്‍ തിരക്കുമ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു റഹ്‌മാന്‍, നിങ്ങളെന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്നു ചോദിച്ച് കയര്‍ത്തു.

വീട്ടില്‍ നിന്നിറങ്ങി പോകാനുള്ള കാരണം തിരക്കിയപ്പോള്‍ തനിക്കൊരു പെണ്ണുണ്ടെന്നും അവളെയുമായി വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന് മറുപടിയും പറഞ്ഞു. പിന്നീടാണ് ആര്‍ക്കും വിശ്വസിക്കാനാവാത്ത ആ 10 വര്‍ഷങ്ങളെക്കുറിച്ച് റഹ്മാന്‍ പറഞ്ഞത്. അന്നു കാണാതായ സജിതയെ താലി കെട്ടി റഹിമാന്‍ അന്നു രാത്രി സ്വന്തം വീട്ടിലെ സ്വന്തം മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News