പോക്കോയുടെ ആദ്യ 5ജി സ്മാർട്ട്ഫോണായ പോക്കോ എം3 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി

പോക്കോയുടെ ആദ്യ 5ജി സ്മാർട്ട്ഫോണായ പോക്കോ എം3 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി. മിഡ് റേഞ്ച് ഫോണായി എത്തിയിരിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്സെറ്റ്, 90 ഹേർട്സ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ എന്നിവയാണ്. 13,999 രൂപ മുതലാണ് ഫോൺ ഇന്ത്യയിൽ ലഭ്യമാവുക. പുതിയ സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

പോക്കോ എം3 പ്രോ 5ജി വിലയും, വില്പന തീയതിയും
പോക്കോ എം3 പ്രോയുടെ 4ജിബി റാം + 64 ജിബി സ്റ്റോറേജും വരുന്ന പതിപ്പിന് 13,999 രൂപയാണ് വില. 6ജിബി + 128ജിബി സ്റ്റോറേജ് വരുന്ന പതിപ്പിന് 15,999 രൂപയാണ് വില വരുന്നത്. ഫോൺ വില്പനക്ക് എത്തുന്ന ജൂൺ 14ന് ഫോണിന് ലിമിറ്റഡ് പീരീഡ് ഓഫറും നൽകുന്നുണ്ട്. 14ന് ഫോൺ വാങ്ങുന്നവർക്ക് 13,499 രൂപയ്ക്കും 15,499 രൂപയ്ക്കും ഫോൺ ലഭിക്കും. ആദ്യ ദിവസത്തിനു ശേഷം യഥാർത്ഥ വിലയ്ക്കായിരിക്കും ഫോൺ ലഭിക്കുക. ഫ്ലിപ്കാർട്ടിലാണ് ഫോൺ വില്പനക്ക് എത്തുക.

പോക്കോ എം3 പ്രോ സവിശേഷതകൾ
90 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായാണ് പോക്കോ എം3 പ്രോ 5ജി എത്തുന്നത്. ഫുൾ എച്ഡി പ്ലസ് റെസൊല്യൂഷനും ഡൈനാമിക്സ്വിച്ച് ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 700 പ്രൊസസറാണ് എം3 പ്രോയിൽ നൽകിയിരിക്കുന്നത്. 6ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജും ഇതിൽ നൽകിയിരിക്കുന്നു.

മികച്ച ചിത്രങ്ങൾക്കായി മൂന്ന് ക്യാമറകളാണ് പിന്നിൽ നല്കിയിരിക്കുന്നത്. f/1.79 അപ്രെച്ചറുള്ള 48എംപി സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. ഒപ്പം 2എംപി മാക്രോ ക്യാമറയും 2എംപി ഡെപ്ത് സെൻസറും എം3 പ്രോ 5ജിയിൽ നൽകിയിട്ടുണ്ട്. മുന്നിലായി f/2.0 അപ്രെച്ചറുള്ള 8എംപി സെൽഫി ക്യാമറയാണ് വരുന്നത്. വട്ടത്തിലുള്ള ഡിസൈനിലാണ് ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നത്.

18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. പോക്കോ എം2 യിൽ നല്കിയിരുന്നതുപോലെ ഫോണിന്റെ സൈഡിലായാണ് ഇതിലും ഫിംഗർ പ്രിന്റ് സെൻസർ നൽകിയിരിക്കുന്നത്. എഐ ഫേസ് അൺലോക്കിങ്ങും പോക്കോ എം3 പ്രോ 5ജിയിൽ നൽകിയിട്ടുണ്ട്.

കണക്ടിവിറ്റിക്കായി ഡ്യൂവൽ സിം സ്ലോട്ടുകൾ, 5ജി, എൻഎഫ്സി, ഡ്യൂവൽ ബാൻഡ് വൈഫൈ, ബ്ലൂട്ടൂത് v5.1, ജിപിഎസ്, 3.5mm ഓഡിയോ ജാക്ക്, ഒരു യുഎസ്‌ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News