ലക്ഷദ്വീപിനെ തുറന്ന ജയിലാക്കി മാറ്റാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ല; എ വിജയരാഘവൻ

ലക്ഷദ്വീപിനെ തുറന്ന ജയിലാക്കി മാറ്റാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ലെന്ന് എ വിജയരാഘവൻ. ലക്ഷദ്വീപിൽ ആർ എസ് എസ് അജണ്ട നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഇടത് എം പിമാർ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫീസിനു മുന്നിലായിരുന്നു എം പിമാരുടെ ധര്‍ണ്ണ.ദ്വീപ് ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക,അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എം പിമാര്‍ പ്രതിഷേധിച്ചത്.

മതത്തിന്‍റെ കണ്ണിലൂടെയല്ല ലക്ഷദ്വീപിനെ കാണേണ്ടതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കച്ചവടമൂല്യങ്ങള്‍ക്കുവേണ്ടി ദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം.ലക്ഷദ്വീപിനെ തുറന്ന ജയിലാക്കി മാറ്റാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എം പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ എം പിമാരുടെ സമരം ഇന്നത്തോടെ അവസാനിക്കില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് എംപിമാരായ എളമരം കരിം,ബിനോയ് വിശ്വം,എ എം ആരിഫ്,ജോണ്‍ബ്രിട്ടാസ്,വി ശിവദാസന്‍,എം വി ശ്രേയാംസ് കുമാര്‍,തോമസ് ചാ‍ഴികാടന്‍,കെ സോമപ്രസാദ്  എന്നിവരാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്.സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷനായിരുന്ന പ്രതിഷേധ പരിപാടിയില്‍ മറ്റ് എല്‍ ഡി എഫ് നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News