സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 11 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാകും കാലവര്‍ഷം ശക്തിപ്പെടുക.

ഇതിനെ തുടര്‍ന്ന് പാലക്കാട് ഒഴികെയുളള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയുണ്ടാകും. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ജൂണ്‍ 11 മുതല്‍ 17 വരെയുള്ള ആദ്യ ആഴ്ചയില്‍ സാധാരണ ഈ സമയത്ത് ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത. അതേസമയം ജൂണ്‍ 18 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ വീണ്ടും കാലവര്‍ഷം ദുര്‍ബലമായേക്കും.

യെല്ലോ അലര്‍ട്ട്

ജൂണ്‍ 12 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ജൂണ്‍ 13 : കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഓറഞ്ച് അലര്‍ട്ട്

ജൂണ്‍ 14 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

അതേസമയം  പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുളളതിനാല്‍ വെള്ളി മുതല്‍ തിങ്കള്‍ വരെയുളള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here