പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ഭാര്യയ്ക്കും മകനും; കൊലപാതകത്തിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്

പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ഭാര്യയ്ക്കും മകനും. ഉഡുപ്പിയിലെ പ്രവാസി ഹോട്ടല്‍ വ്യവസായിയായ ഭാസ്‌കര്‍ ഷെട്ടിയാണ് കൊല്ലപ്പെട്ടത്.

ഷെട്ടി വധക്കേസില്‍ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന്‍ ഭട്ട് എന്നിവര്‍ക്ക് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

2016 ജൂലൈ 28-ന് ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍വെച്ച് ഷെട്ടിയെ കൊലപ്പെടുത്തിയശേഷം നിരഞ്ജന്‍ ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

സ്വത്ത് തര്‍ക്കവും രാജേശ്വരിയും നിരഞ്ജനുമായുള്ള അതിരുവിട്ട സൗഹൃദം ഷെട്ടി അറിഞ്ഞതുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൂടാതെ സ്വത്ത് മുഴുവന്‍ തന്റെ പേരിലാക്കണമെന്ന് മകന്‍ നവനീത് ഷെട്ടി ഭാസ്‌കര്‍ ഷെട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

ഇതിനിടെ, നിരഞ്ജനും ഭാര്യയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചില ഫോട്ടോകളും ഷെട്ടിയ്ക്ക് ലഭിച്ചിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമായത്.

ഭാസ്‌കര്‍ ഷെട്ടിയെ കാണാനില്ലെന്ന് മാതാവ് മണിപ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികള്‍ അറസ്റ്റിലാവുന്നതും.

തെളിവുനശിപ്പിച്ച കേസില്‍ പ്രതിചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. ഇതേ കുറ്റംചുമത്തി പ്രതിചേര്‍ത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവില്‍ മരണപ്പെട്ടിരുന്നു.

പ്രതികളില്‍ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങി. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. ഉഡുപ്പി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ.എന്‍. സുബ്രഹ്മണ്യയാണ് ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here