‘ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.

‘ഒരാളുടെ കണ്ണിൽ പോലും പെടാതെ പത്തുവര്‍ഷം എങ്ങനെ യുവതിയെ ഒളിപ്പിച്ചിരുത്തും?പ്രണയിച്ച യുവതിയെ പത്തുവര്‍ഷം ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ രണ്ടഭിപ്രായവുമായി സോഷ്യൽ മീഡിയ.ഫേസ് ബുക്കിലും ക്ലബ് ഹൗസിലെയും ചർച്ച റഹ്മാൻ എന്ന യുവാവും സജിത എന്ന യുവതിയുമാണ് ഇന്നലെ മുതൽ ചർച്ചയാകുന്നത്.പത്തു വര്ഷം ഒരു വീട്ടിലെ ഒറ്റമുറിയിൽ ഒളിച്ചു താമസിച്ചു എന്നതായിരുന്നു വാർത്ത.ഇരു മതവിഭാഗത്തിൽപെട്ടവരായതുകൊണ്ട് ഭയന്ന് ജീവിച്ചതാണ് എന്നാണ് റഹ്മാന്റെ മൊഴി.നെന്മാറ അയിലൂരിലാണ് സംഭവം. പ്രണയം പുറത്തറിഞ്ഞാൽ ബന്ധുക്കൾ എങ്ങനെ പ്രതികരിക്കും എന്ന ഭയമാണ് ഇത്തരത്തിലൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസും പറയുന്നു.

“പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു.”റഹ്മാന്റെ വാക്കുകൾ ഇങ്ങനെ.

പതിനെട്ടു വയസുള്ള സജിത വീട്ടിൽ നിന്നും ബന്ധുവീട്ടിൽ പായസം കൊടുക്കാനായി ഇറങ്ങിയതാണ്.എത്തിയത് റെഹ്മാന്റെയരുകിലേക്ക്.പിന്നെയവൾ ആരെയും കണ്ടിട്ടില്ല.റഹ്മാനെ അല്ലാതെ.നാല് ജോഡി ഡ്രസുമാത്രമാണ് സജിതയുടെ പക്കലുണ്ടായിരുന്നത് .വീട്ടില്‍ നിന്ന് പത്ത് വീടകലെയാണ് അയിലൂര്‍ കാരക്കാട്ട് പറമ്പില്‍ റഹ്മാന്റെ വീട്. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ‘ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.’ ഇത്രയും വർഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന  ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണിത്.”ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹിമാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിക്കുന്നത്”

പ്രേമിച്ചതും ഇറങ്ങിവന്നതും മനസിലാക്കാം.എന്നാൽ പിന്നീട നടന്നകാര്യങ്ങളാണ് പലർക്കും വിചിത്രമായി തോന്നുന്നത്.അന്ന് മുതൽ സജിതയെ റഹ്‌മാൻ ഒളിച്ചു താമസിപ്പിച്ചു.ആ വീട്ടിൽ റഹ്മാന്റെ മാതാപിതാക്കളും സഹോദരനുമുണ്ട്.ഇവരൊന്നും ഈ പത്തു വര്ഷം ഈ കാര്യം അറിഞ്ഞില്ല,പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ജനൽ മാർഗം രാത്രികാലങ്ങളിൽ പുറത്തിറങ്ങി എന്നൊക്കെ കേട്ടപ്പോഴാണ് അവിശ്വസീനയമായി പലർക്കും തോന്നിയത് .പിന്നീട് സജിതയും റഹ്മാനും ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പോലീസിന്റെ മുന്നിലും പത്ത് വര്‍ഷത്തെ ജീവിതം വിശദീകരിച്ചപ്പോള്‍ വിശ്വസിക്കേണ്ടി വന്നു.സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് പോലീസും പറഞ്ഞതോടെ വിശ്വസിക്കാതെ താരമില്ലെന്നായി ഈ ഒളിവുകാല പ്രണയ ജീവിതം.വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് സജിതക്കായ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണം എങ്ങുമെത്തിയില്ല.റഹ്മാന്‍ വീട്ടിലും നാട്ടിലും ഉള്ളതിനാല്‍ ഒരു സംശയവും അന്വേഷണവും റഹ്മാനിലേക്ക് എത്തിയതുമില്ല.

സജിതയെ വീട്ടുകാര്‍ കാണാതിരിക്കാന്‍ ഇലക്ട്രീഷ്യനായിരുന്നു റഹ്മാൻ വഴി കണ്ടെത്തി.സജിത കിടക്കുന്ന മുറിയുടെ ഓടാമ്പലില്‍ ആരെങ്കിലും തൊട്ടാല്‍ ഷോക്കടിക്കും.വാതില്‍ പുറത്ത് നിന്ന് പൂട്ടുമ്പോള്‍ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു റഹ്മാന്‍ ഒരുക്കിയത്. ജോലിക്കുപോകുമ്പോഴും വീട്ടിലുള്ളവര്‍ പേടിച്ച് വാതിലില്‍ തൊടില്ല.”ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. വാതിലില്‍ ചെറിയ മോട്ടോര്‍ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ടോയ് കാറുകളിലുള്ള മിനിമോട്ടോര്‍ എല്ലാ കടകളിലും കിട്ടും. ഞാന്‍ ഇങ്ങനെ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറേയൊക്കെ വീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ട്. “എന്ന് റഹ്‌മാൻ

ജനലിന്റെ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി പകരം ഇളക്കിമാറ്റാവുന്ന തടികൊണ്ടുള്ള അഴി വച്ചു.ഈ ജനലിലൂടെ ഇറങ്ങിയാണ് വീട്ടിലെ ടോയ്‌ല്റ്റും കുളിമുറിയും സജിത ഉപയോഗിച്ചതെന്ന് റഹ്മാന്‍.പ്രാഥമിക കൃത്യനിര്‍വഹണങ്ങള്‍ക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. .ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ റഹ്മാന്‍ നല്‍കിയിരുന്നുവെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്.”വാതിലിനു പുറകിലായി ടീപ്പോയ് വച്ചു. റഹ്മാന്‍ ഭക്ഷണവുമായി മുറിയിലെത്തും. പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതക്കൊപ്പം കഴിക്കും.മകന് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. ലോക്ക് ഘടിപ്പിച്ച മുറിയും വിചിത്രമായ പെരുമാറ്റവും കാരണം വീട്ടുകാര്‍ ഇടപെട്ടുമില്ല. ടിവിയുടെ സൗണ്ട് കൂട്ടിവച്ചാണ് വീട്ടുകാരില്‍ നിന്ന് സജിതയുമായുള്ള സംസാരം മറച്ചുവച്ചത്.10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു”.’ റഹമാന്റെ വാക്കുകൾ.

“ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.”- റഹ്മാൻ പറഞ്ഞു.മൂന്ന് മാസം മുമ്പ് കാണാതായ യുവാവിനെ നെന്മാറ നഗരത്തില്‍ നിന്ന് സഹോദരൻ തിരിച്ചറിഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്നുള്ള ചോദ്യംചെയ്യലിലാണ് സ്വന്തം വീട്ടിൽ പത്തുവർഷക്കാലം പെൺകുട്ടിയെ ഒളിപ്പിച്ച് താമസിച്ച് വിവരം യുവാവ് പൊലീസിനോട് പറഞ്ഞത്. .

ഒരാളുടെ കണ്ണിൽ പോലും പെടാതെ ഇത്രകാലം എങ്ങനെ യുവതിയെ ഒളിപ്പിച്ചിരുത്തും?അറ്റാച്ച്ഡ് ബാത്ത്റൂമില്ലാത്ത മുറിയിൽ നിന്ന് റൂമിന് വെളിയിലെ കോമൺ ബാത്ത് റൂമിൽ പോകാൻ പെൺകുട്ടി 10 വർഷത്തിനിടയിൽ മിനിമം 3650 തവണയെങ്കിലും പുറത്തിറങ്ങിയിട്ടും ഒരുതവണ പോലും വീട്ടുകാർ കണ്ടില്ല പോലും? ഈ പത്ത് വർഷവും ആശുപത്രിയിൽ പോകത്തക്ക വിധത്തിൽ അവർക്ക് യാതൊരു അസുഖവും വന്നില്ലേ? 10 വർഷം അഥവാ 120 മാസത്തിൽ മിനിമം ഒരു മാസത്തിൽ 5 തവണ എന്ന കണക്ക് വെച്ച് മിനിമം 600 ദിവസമെങ്കിലും ഉപയോഗിക്കാൻ ഇവർക്ക് സാനിറ്ററി പാഡുകൾ വാങ്ങേണ്ടി വരില്ലേ? അങ്ങനെ എങ്കിൽ വാങ്ങുമ്പോൾ പുറം ലോകം അറിയാതിരിക്കുമോ? പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കാൻ നിയമമുള്ള രാജ്യത്ത് ഇങ്ങനെ ഒളിപ്പിച്ചു വെക്കേണ്ടതിന്റെ ആവശ്യം?പ്രണയം ആയിരുന്നു ഇവർക്കിടയിൽ എങ്കിൽ ഒരിക്കൽ പോലും പുറം ലോകം കാണിക്കാതെ സ്വന്തം കാമുകിയെ കാരഗൃഹത്തിന് സമാനമായ ജീവിതം നൽകി ഇഞ്ചിഞ്ചായി കൊല്ലാൻ ലോകത്തിൽ ഏത് കാമുകൻ തയാറാവും? ഇത്രകാലം, വായുവും വെളിച്ചവും കിട്ടി ജീവിച്ച ഒരാൾ രാജ്യത്തെ നിയമത്തിന് മുന്നിൽ ഒരു തെറ്റും ചെയ്യാത്ത സാഹചര്യത്തിൽ ഈ കഠിന ശിക്ഷ ഏൽക്കേണ്ടതുണ്ടോ ?പരാതിയില്ല എന്ന് കരുതി അയാളെ വെറുതെ വിടാമോ ?….ഇങ്ങനെ നൂറു ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ

18 വയസ്സുള്ളപ്പോഴാണ് സജിത റഹ്മാനൊപ്പം ജീവിതം ആരംഭിക്കുന്നത്.പത്തുവർഷത്തെ ഇവരുടെ പ്രണയത്തെ ദിവ്യ പ്രണയം എന്ന് പറയുന്നവർ ഉണ്ട്.എന്നാൽ സ്വാതന്ത്ര്യവും പുറംലോക ബന്ധവും ഉപേക്ഷിക്കേണ്ടിവന്ന ആ പെൺകുട്ടിയുടെ ജീവിതം അത്ര പ്രണയമല്ല എന്നാണ് മറു ഭാഗം.സോഷ്യൽ മീഡിയയും ക്ലബ് ഹൗസും ചർച്ചചെയ്യുന്നുണ്ട്.റഹ്മാനും സജിതയും ഇനിയെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കട്ടെ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here