തെരഞ്ഞെടുപ്പ് പരാജയത്തിലും കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി സുരേന്ദ്രനെ അറിയിച്ച് ബിജെപി ദേശീയ നേതൃത്വം

തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി, ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രന്‍ ദില്ലിയില്‍ വച്ച് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി സുരേന്ദ്രനെ അറിയിച്ചത്. എന്നാല്‍ നേതൃ മാറ്റം ഉണ്ടാകില്ലെന്ന് ബിജെപി ദേശിയ നേതൃത്വം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോല്‍വിയുടേയും കുഴല്‍പണക്കേസിന്റെയും പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ ആദ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കകത് ശക്തമെങ്കിലും ഉടനെ അത്തരം നടപടികളിലേക്ക് പോകേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.സുരേന്ദ്രനൊപ്പം ദേശീയ നേതൃത്വം നില്‍ക്കുമ്പോള്‍ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷത്തിനാണ് തിരിച്ചടി നേരിടുന്നത്.

ഇപ്പോള്‍ നടപടി എടുത്താല്‍ ആരോപണങ്ങള്‍ പാര്‍ട്ടി ശരിവച്ചതായി പ്രതീതി സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് സുരേന്ദ്രനെ തുണക്കുന്നത്.
ഒറ്റക്കെട്ടായി വിഷയത്തെ നേരിടാന്‍ സംസ്ഥാന നേതാക്കള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ വലിയ പരാതികളാണ് ദേശീയ നേതൃത്വത്തിന് കിട്ടിയിരിക്കുന്നത്.

ദേശീയ നേതൃത്വത്തിന്റെ നിലപാട് മയപ്പെടുത്തുന്നതിനാണ് സുരേന്ദ്രന്‍ ദില്ലിയിലെത്തിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു . ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്.

കേരളത്തിലെ സാഹചര്യങ്ങള്‍ ഈ നിലയില്‍ മുമ്പോട്ട് പോകുന്നതില്‍ കാര്യമില്ല എന്ന നിലപാടും ബിജെപി അധ്യക്ഷന്‍ അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദ്ദേശവും ബിജെപി ദേശിയ നേതൃത്വം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here