കാര്‍ഷിക സംസ്‌ക്കാരത്തിന്റെ അവസാന തുടിപ്പുകളിലൊന്നായ കന്നുപൂട്ടിനെ നെഞ്ചോട് ചേര്‍ത്ത് ഒരു കര്‍ഷകന്‍

അന്യം നിന്നുപോകാത്ത കാര്‍ഷിക സംസ്‌ക്കാരത്തിന്റെ അവസാന തുടിപ്പുകളിലൊന്നാണ് കന്നുപൂട്ട്. എല്ലാം കാര്‍ഷിക രീതികളും യന്ത്രവല്‍ക്കരണത്തിലേക്ക് വഴുതി പോയപ്പോയപ്പോഴും പരമ്പരാഗത കാര്‍ഷിക സംസ്‌കൃതിയെ കൈ വിടാതെ നെഞ്ചോട് ചേര്‍ക്കുകയാണ് കണ്ണൂര്‍ പഴയങ്ങാടി വെങ്ങരയിലെ ഷാജിയെന്ന കര്‍ഷകന്‍.

നീണ്ടു കിടക്കുന്ന പാടങ്ങള്‍ നെല്ലുല്‍പാദനത്തിനും ഇടവിളകള്‍ക്കും മണ്ണൊരുക്കി നല്‍കുകയാണ് ഷാജി തന്റെ കന്നുപൂട്ടലിലൂടെ.കിഴക്ക് വെള്ള കീറുമ്പോഴേക്കും ഷാജി തന്റെ കന്നുകളുമായി പാടത്തെത്തിയിരിക്കും.

മുപ്പത്തിയഞ്ച് വര്‍ഷങ്ങളായി ഷാജി കാര്‍ഷിക രംഗത്ത്. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഏറെ പരിചിതനാണ് ഷാജി. തലമുറകള്‍ കൈമാറി കിട്ടിയ കൃഷിയും കൃഷിരീതികളും ഇന്നും കൈവിടാതെ കാക്കുകയാണ് ഈ യുവ കര്‍ഷകന്‍.

വയലിലെ പണിയൊക്കെ തീര്‍ത്ത് വീട്ടിലെത്തിയാലും ഷാജിക്ക് വിശ്രമമില്ല. പത്തോളം കറവപശുക്കളും അവയുടെ കിടങ്ങളുമുണ്ട് ഇദ്ദേഹത്തിന്, രണ്ട് സൊസൈറ്റികളിലായി ദിവസവും നൂറ്റിയിരുപത് ലീറ്റര്‍ പാലളക്കുന്നുണ്ട് ഈ ക്ഷീരകര്‍ഷകന്‍. കൂടാതെ രണ്ട് കാളവണ്ടികളും സ്വന്തമായുണ്ട്.

പശുക്കളെയും കിടങ്ങാളെയും പരിപാലിക്കാന്‍ അമ്മ ജാനകിയും ഭാര്യ ഗീതയും കൂടെയുണ്ട് ഷാജിയോടൊപ്പം.കേരളത്തിന്റെ സമൃദ്ധമായ കാര്‍ഷിക സംസ്‌കൃതി വേരറ്റു പോയിട്ടില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഷാജിയെന്ന കര്‍ഷകന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here