ശിവസേനയെ പ്രകീർത്തിച്ച് ശരദ് പവാർ;  മോദിയെ പ്രശംസിച്ച്  ശിവസേന;  രാഷ്ട്രീയ അടിയൊഴുക്കിൽ മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ ഉദ്ധവ്‌ താക്കറെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും  വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പി. യും ശിവസേനയും സഖ്യമായിത്തന്നെ മത്സരിക്കുമെന്നും  എൻ സി പി മേധാവി ശരദ് പവാർ പറഞ്ഞു.

ഡൽഹിയിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറേ നടത്തിയ  കൂടിക്കാഴ്ചയുടെ  പശ്ചാത്തലത്തിലായിരുന്നു ശിവസേനയെ ശരദ് പവാർ പ്രകീർത്തിച്ചത്‌. ഇന്ദിരാഗാന്ധിക്ക്‌ കൊടുത്ത വാക്ക്‌ പാലിച്ച നേതാവായിരുന്നു ശിവസേന സ്ഥാപക അധ്യക്ഷൻ ബാൽ താക്കറെയെന്നും പവാർ വ്യക്തമാക്കി.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ  അപ്രതീക്ഷിതമായി പ്രശംസിച്ചാണ് ശിവസേനാ നേതാവ് സഞ്ജയ് റൗത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചത്.  മോദി രാജ്യത്തെ  പ്രമുഖനായ  നേതാവാണെന്നും ബി.ജെ.പി.യുടെ വിജയത്തിനു പിന്നിൽ നരേന്ദ്ര മോദിയാണെന്നും റൗത് പറഞ്ഞു.
 കഴിഞ്ഞ ഏഴു വർഷമായി നേടുന്ന വിജയങ്ങൾക്കെല്ലാം ബി.ജെ.പി. മോദിയോട് കടപ്പെട്ടിരിക്കുന്നുവെന്നും  നിലവിൽ രാജ്യത്തിന്റെയും ബി.ജെ.പി. യുടെയും ഏറ്റവും വലിയ നേതാവായും സഞ്ജയ് റൗത്  നരേന്ദ്ര  മോദിയെ വാഴ്ത്തി.
മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ശിവസേന നേതാവിന്റെ  മലക്കം മറിച്ചിൽ.
ബി.ജെ.പി.യും ശിവസേനയും തമ്മിൽ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് സഞ്ജയ് റൗത് നൽകിയ മറുപടിയിൽ  ചില അടിയൊഴുക്കുകൾ പ്രകടമാണ്. കടുവയുമായി ആർക്കും ചങ്ങാത്തംകൂടാൻ കഴിയില്ല. ആരോട് ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കുമെന്നാണ്  റൗത്  പറഞ്ഞത്.  ശിവസേനയുടെ ചിഹ്നമായ കടുവയെ ഉദ്ധരിച്ചായിരുന്നു മറുപടി.

എന്നാൽ  മഹാവികാസ്‌ അഘാഡിസഖ്യം നിലനിൽക്കുമെന്നും ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നുമാണ്  എൻ.സി.പി. യുടെ 22-ാം സ്ഥാപകദിനത്തിൽ പാർട്ടി പ്രവർത്തകരോട്‌ സംസാരിച്ചു കൊണ്ട് ശരദ് പവാർ പറഞ്ഞത്.  ശിവസേനയെ വിശ്വസിക്കാൻ കൊള്ളാമെന്ന്‌ ബോധ്യമായിട്ടുണ്ടെന്നും പവാർ അടിവരയിട്ടു.

ഉദ്ധവ് താക്കറെ  നരേന്ദ്ര മോദി കൂടിക്കാഴ്ചയും തുടർന്നുള്ള ശിവസേന നേതാവിന്റെ പ്രസ്താവനയും ചില രാഷ്ട്രീയ അടിയൊഴുക്കുകളുടെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. തൊട്ടു പിന്നാലെ ശരദ് പവാർ നടത്തിയ നീക്കങ്ങളെയും  ഇതിനോട് കൂട്ടി വായിക്കുകയാണ്   നിരീക്ഷകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News