ഇഡിക്കെതിരായ ആരോപണം; ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി

മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ഇഡിക്കെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി.വിഷയത്തെക്കുറിച്ച് അറിവുള്ളവര്‍ക്ക് തെളിവു നല്‍കാമെന്ന് വ്യക്തമാക്കി കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി.

നടപടികളില്‍ കക്ഷി ചേരാനാഗ്രഹിക്കുന്നവര്‍ ഈ മാസം 26 നു മുമ്പ് അറിയിക്കണമെന്നും പത്രപ്പരസ്യത്തിലൂടെ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ കമ്മീഷന്‍ അറിയിച്ചു. കള്ളപ്പണക്കേസ് അന്വേഷണത്തിന്റെ മറവില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇ ഡിക്കെതിരായ ആരോപണം.

ഇക്കാര്യം അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭ നടപടി എന്ന നിലയിലാണ് കമ്മീഷന്‍ തെളിവുശേഖരണം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി കമ്മീഷന്‍ പത്രപ്പരസ്യം വഴി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് വിജ്ഞാപനം. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരോട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന സ്വപ്നയുടെ ശബ്ദരേഖ, സന്ദീപ് നായര്‍ ജഡ്ജിക്കയച്ച കത്തിന്റെ ഉള്ളടക്കം, അതിലേയ്ക്ക് നയിച്ച സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ വ്യക്തികളെ കണ്ടെത്തുക എന്നതും കമ്മീഷന്റെ അന്വേഷണ വിഷയമാണെന്നും ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കപ്പെട്ട ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു.

അന്വേഷണ വിഷയങ്ങളില്‍ അറിവുള്ളവരും ഫലപ്രദമായ തെളിവു നല്‍കാന്‍ കഴിയുന്നവരും കക്ഷി ചേരാന്‍ ആഗ്രഹിക്കുന്നവരും വിശദാംശങ്ങള്‍ സഹിതം ഈ മാസം 26 ന് വൈകീട്ട് 5 മണിക്കകം കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കമ്മീഷന് ലഭിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ വിസ്തരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യവാരത്തോടെയൊ സിറ്റിംഗ് തുടങ്ങാന്‍ കഴിയുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.6 മാസമാണ് ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി.കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രതിഫലമില്ലാതെയാണ് കമ്മീഷന്റെ പ്രവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News