ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം. മരം മുറിയില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. മുറിച്ച് കടത്തിയ മരങ്ങള്‍ കണ്ടെത്തുന്നതിനുള്ള വനംവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതിരേ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരേ വനം വകുപ്പ് കേസെടുത്തിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു കരാറുകാരന്റെ വാദം.

എന്നാല്‍ മഴക്കാലത്തിന് മുമ്പ് അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് മാത്രമാണ് അനുമതി നല്‍ല്‍കിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അപകടകരമായ പത്ത് മരങ്ങള്‍ മുറിക്കുന്നതിന് കരാറുകാരന്‍ അപേക്ഷ നല്‍കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നതിന് മുമ്പ് തന്നെ മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയതായി ജില്ലാ കളക്ടര്‍ ദിനേശന്‍ പറഞ്ഞു.

പത്ത് മരങ്ങള്‍ മുറിക്കുന്നതിന് വേണ്ടിയാണ് അപേക്ഷ നല്‍കിയതെങ്കിലും അനധികൃതമായി മുറിച്ചത് 50 ല്‍ അധികം മരങ്ങളാണ്. ഇതില്‍ വിലപ്പിടിപ്പുള്ളവ കടത്തുകയും ചെയ്തു. വേങ്ങ, കരിവീട്ടി, ചന്ദനവയമ്പ് തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ലോറിയിലാണ് മരത്തടികള്‍ കടത്തിയതെന്ന് വനം വകുപ്പിന് വിവരം ലഭിച്ചു.

വാഹനവും തടിയും കണ്ടെത്തുന്നതിനായ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം സബ്ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ശാന്തന്‍പാറ സെക്ഷന്‍ അസി.എഞ്ചിനീയര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വൈകാതെ കരാറുകാരന്റെ മൊഴിയും രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News