ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവം; മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കേ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ തെറ്റില്ലെന്നും കോടതി.

ഇന്നലെ രാത്രിയാണ് തൃശൂരിലെ വനമേഖലയിൽ നിന്നും മാർട്ടിൻ അന്വേഷണ സംഘത്തിൻ്റെ പിടിയിലാകുന്നത്. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫിനെ കണ്ടെത്തിയത്.

മുണ്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാർട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.

കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here